വിശുദ്ധ അന്തോനീസിന്റെ ആറാം വാര്‍ഷിക തിരുനാള്‍ ആഘോഷിച്ചു
Friday, June 19, 2015 5:17 AM IST
ഹൂസ്റണ്‍: ഹൂസ്റനിലെ പസദേനായിലെയും സമീപപ്രദേശങ്ങളിലെയും ഇന്ത്യന്‍ സമൂഹം പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ ആറാം വാര്‍ഷിക തിരുന്നാള്‍ 2015, ജൂണ്‍ 6നു പരമ്പരാഗത വിശ്വാസനിറവില്‍ ഭക്ത്യാദരപൂര്‍വം സെന്റ് ഫ്രാന്‍സിസ് കബ്രിനി കത്തോലിക്ക ദേവാലയത്തില്‍ സമുചിതമായി ആഘോഷിച്ചു.

ജൂണ്‍ ആറിനു ഫാ. ഫ്രാങ്ക് ഫാബിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന തിരുനാള്‍ ദിവ്യബലിയില്‍ ഫാ. ചാക്കോ പുതുമയില്‍, ഫാ. ബെന്നി തടത്തില്‍ക്കുന്നേല്‍, ഫാ. വര്‍ഗീസ് സെബാസ്റ്യന്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. വിശുദ്ധനോടുള്ള നവനാള്‍ പ്രാര്‍ഥനകള്‍ക്കു ഫാ. ചാക്കോ പുതുമയില്‍ നേതൃത്വം നല്‍കി.

ശ്രീമതി ഷൈനി റസ്റത്തം, സേവ്യര്‍ മത്തായി, ഷീജ ബിജോയ്, മിനി സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗായകസംഘം സമൂഹത്തെ ആത്മീയ ഉണര്‍വിലേക്കു നയിച്ചു.

ഹൂസ്റനിലെ സെന്റ് ഫ്രാന്‍സിസ് കബ്രിനി കത്തോലിക്കാ ദേവാലയത്തില്‍ പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാളും നവനാള്‍ പ്രാര്‍ഥനകളും മലയാളിസമൂഹത്തിനു നടത്തുന്നതിനുള്ള അനുവാദം നല്‍കിയ ഫാ. ഫ്രാങ്ക് ഫാബിനെ ഫാ. ചാക്കോ പുതുമയില്‍ തന്റെ പ്രസംഗത്തില്‍ നന്ദിയോടെ സ്മരിച്ചു. തിരുനാള്‍ സ്പോണ്‍സര്‍ ചെയ്ത ഏബ്രഹാം മാത്യു തിരുനാളില്‍ പങ്കെടുത്ത എല്ലാ ഫാദേഴ്സിനും സിസ്റര്‍ കരോളിനയ്ക്കും പ്രത്യേകം നന്ദി പറഞ്ഞു.

തിരുന്നാള്‍ ദിവ്യബലിക്കും നൊവേനയ്ക്കും ശേഷം ഫാ. ബെന്നിയുടെ നേതൃത്വത്തില്‍ നടന്ന പ്രദക്ഷിണത്തിന് ഫാ. വര്‍ഗീസ് വിശുദ്ധന്റെ തിരുശേഷിപ്പ് കൈകളിലേന്തി. ദേവാലയം ചുറ്റി നടന്ന വിശ്വാസ പ്രദക്ഷിണത്തിന് ഇടവക ജനങ്ങള്‍ കത്തിച്ച മെഴുകുതിരികള്‍ കൈയിലേന്തി വിശ്വാസപൂര്‍വ്വം പങ്കുചേര്‍ന്നു.തുടര്‍ന്ന് 'റിവര്‍ സ്റോണ്‍'ബാന്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരമ്പരാഗത ചെണ്ടമേളം പ്രദക്ഷിണത്തിന് ഇന്ത്യന്‍ തനിമ നല്‍കി. പ്രദക്ഷിണത്തിനു ശേഷം ഫ്രാന്‍സിസ്കാ ഹാളില്‍ ഒരുക്കിയുരുന്ന സ്നേഹവിരുന്നില്‍ എല്ലാ വിശ്വാസികളും പങ്കുചേര്‍ന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം