സ്വവര്‍ഗ വിവാഹത്തിനെതിരേ ശക്തമായ പ്രമേയവുമായി ബാപ്റ്റിസ്റ് കണ്‍വന്‍ഷന്‍
Thursday, June 18, 2015 6:10 AM IST
കൊളംബസ് (ഒഹായൊ): രാഷ്ട്രീയമായോ നിയമപരമായോ സ്വവര്‍ഗ വിവാഹത്തിന് ഇപ്പോള്‍ നല്‍കുന്ന നിര്‍വചനം യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നു സതേണ്‍ ബാപ്റ്റിസ്റ് കണ്‍വന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.

ദൈവിക അടിസ്ഥാനപ്രമാണങ്ങളെ അനുസരിക്കുക എന്നതാണ് ഏറ്റവും വലിയ കര്‍ത്തവ്യമായി കാണുന്നത് അതിനെതിരേ പരമോന്നത നീതിപീഠമായ അമേരിക്കന്‍ സുപ്രീംകോടതി തീരുമാനമെടുത്താല്‍ പോലും അതനുസരിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരല്ല. വിവാഹത്തെക്കുറിച്ചു ബൈബിള്‍ നല്‍കിയിരിക്കുന്ന വ്യാഖ്യാനം തലമുറകളായി പിന്തുടരുന്ന വിവാഹസങ്കല്‍പ്പം ഇതില്‍നിന്നു വ്യതിചലിക്കുവാന്‍ ഞങ്ങള്‍ക്കാവില്ല. സതേണ്‍ ബാപ്റ്റിസ്റ് കണ്‍വന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കിക്കൊണ്ടു പ്രസിഡന്റ് റോണി ഫ്ളോയ്ഡ് വ്യക്തമാക്കി.

പതിനാറു മുന്‍ പ്രസിഡന്റുമാര്‍ ഒപ്പുവച്ച പ്രസ്താവനയുടെ പകര്‍പ്പു ജൂണ്‍ 17 ബുധനാഴ്ചയാണ് പുറത്തുവിട്ടത്.

ജീവിതാന്ത്യം വരെ നിലനില്‍ക്കുന്ന സ്ത്രീ-പുരുഷ ബന്ധമാണ് വിവാഹത്തിലൂടെ ഉടലെടുക്കുന്നത്. ഇതു വിലപേശുന്നതിനോ, വ്യത്യസ്ത നിര്‍വചനത്തിനോ വിട്ടുകൊടുക്കുന്നത്. ക്രിസ്തു സഭയുടെ വിശ്വാസസമൂഹമായ ബാപ്റ്റിസ്റ് ചര്‍ച്ചിന് അംഗീകരിക്കാവുന്നതല്ല. സ്വവര്‍ഗ വിവാഹത്തിനോ, അതിനോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്കോ ബാപ്റ്റിസ്റ് ദേവാലയങ്ങള്‍ ഒരിക്കലും വിട്ടുകൊടുക്കുകയോ വേദിയാകുകയോ ചെയ്യുന്നതല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

നോണ്‍ കത്തോലിക്ക ഡിനോമിനേഷനില്‍ അമേരിക്കയിലെ ഏറ്റവും വലിയ ചര്‍ച്ചായ ബാപ്റ്റിസ്റ് ചര്‍ച്ചിലെ പതിനാറു മില്യന്‍ അംഗങ്ങളും കണ്‍വന്‍ഷനില്‍ എടുത്ത തീരുമാനം അംഗീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും വേണമെന്നു പ്രസിഡന്റ് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍