ഐക്യത്തിന്റെ കാഹളം മുഴക്കി വേള്‍ഡ് മലയാളി കൌണ്‍സില്‍
Thursday, June 18, 2015 6:08 AM IST
ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) ഇരുപതാമത് വാര്‍ഷികം ജന്മ സ്ഥലമായ ന്യൂജേഴ്സിയില്‍ ജൂണ്‍ 20ന്(ശനി) ആഘോഷിക്കുന്നു.

നിസാര അഭിപ്രായവ്യത്യാസങ്ങളെതുടര്‍ന്നു വര്‍ഷങ്ങളായി വിഘടിച്ച് പല ഗ്രൂപ്പുകളായി ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എല്ലാ ഡബ്ള്യുഎംസി പ്രൊവിന്‍സുകളും യോജിച്ച് ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള തീരുമാനം ലോകമെമ്പാടുമുള്ള ഡബ്ള്യുഎംസി പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുകയാണ്. 1995 ജൂണില്‍ ന്യൂജേഴ്സിയില്‍ സംഘടനയ്ക്കു രൂപം നല്‍കിയ ഡബ്ള്യുഎംസിയുടെ സ്ഥാപകനേതാക്കളായ ആന്‍ഡ്രൂസ് പാപ്പച്ചനും അലക്സ് വിളനിലവും മുന്‍കൈ എടുത്തപ്പോള്‍ എല്ലാ പ്രശ്നങ്ങളും ഇല്ലാതായി.

ജൂണ്‍ ആറിനു നടത്തിയ യുവജന സെമിനാറും സാംസ്കാരിക സമ്മേളനത്തോടെ ആരംഭിച്ച് ഇരുപതാമത് വാര്‍ഷികാഘോഷങ്ങള്‍ ജൂണ്‍ 20നു (ശനി) വൈകുന്നേരം എഡിസനിലുള്ള റിനയസന്‍സ് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തോടെ സമാപിച്ചു.

സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച 10 മലയാളികള്‍ക്ക് എക്സലന്‍സ് അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടുവാന്‍ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഗ്ളോബല്‍ റീജണല്‍, പ്രൊവിന്‍സ് നേതാക്കളും പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി