വിശാല്‍ മാത്യു റോക്ലന്‍ഡില്‍ സ്കൂള്‍ പ്രസിഡന്റ്
Thursday, June 18, 2015 5:27 AM IST
ന്യൂയോര്‍ക്ക്: റോക്ലന്‍ഡ് കൌണ്ടിയിലെ ക്ളാര്‍ക്സ്ടൌണ്‍ ഹൈ സ്കൂള്‍ നോര്‍ത്തില്‍ സ്റ്റുഡന്റ് കൌണ്‍സില്‍ പ്രസിഡന്റായി വിശാല്‍ മാത്യു തെരഞ്ഞടുക്കപ്പെട്ടു. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ പ്രസിഡന്റാവുന്നത്. മൂന്നു വര്‍ഷമായി പ്രസിഡന്റായിരുന്ന വിദ്യാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് വിശാല്‍ വിജയിച്ചത്. വിശാലിനെതിരേ മൂന്ന് സ്ഥാനാര്‍ഥികളുണ്ടായിരുന്നെങ്കിലും 1600ല്‍പ്പരമുളള വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും വിശാലിനൊപ്പമായിരുന്നു.

സ്കൂളിന്റെ യശസ് ഉയര്‍ത്തുക, പ്രിന്‍സിപ്പല്‍ തുടങ്ങിയ സ്കൂള്‍ അധികൃതരും വിദ്യാര്‍ഥികളും തമ്മിലുളള ആശയ വിനിമയം ഉറപ്പാക്കുകയും ഇരുവിഭാഗത്തിനുമിടയിലുളള മധ്യവര്‍ത്തിയായി നിലകൊളളുകയും ചെയ്യുക തുടങ്ങിയവയാണു പ്രധാന ചുമതലകള്‍.

സ്റ്റുഡന്റ് കൌണ്‍സില്‍ കൂടുതല്‍ സുതാര്യമാക്കുകയാണു തന്റെ ലക്ഷ്യമെന്നു പതിനൊന്നാം ക്ളാസ് വിദ്യാര്‍ഥിയായ വിശാല്‍ പറഞ്ഞു. പ്രോം, സ്പോര്‍ട്സ് തുടങ്ങിയവ സംബന്ധിച്ച് വിവിധ കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ പ്ളാനുണ്ട്. ആര്‍ക്കു വേണമെങ്കിലും അതില്‍ അംഗമാകാം. പ്രശ്നങ്ങള്‍ ഒഴിവാക്കാനും വ്യക്തമായ പ്ളാനിംഗിനും ഇതു സഹായിക്കും. അധികൃതരുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുകയും വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം തേടുകയും ചെയ്യും.

തന്റെ വിജയത്തില്‍ സുഹൃത്തുക്കളെല്ലാം തികച്ചും ആഹ്ളാദഭരിതരായിരുന്നുവെന്നു വിശാല്‍ പറഞ്ഞു. അര്‍ജുന്‍ റെഡ്ഡിയായിരുന്നു കാമ്പെയ്ന്‍ മാനേജര്‍.

പഠനത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന വിശാല്‍ മൂന്നുവര്‍ഷമായി സ്റ്റുഡന്റ്കൌണ്‍സില്‍ അംഗമാണ്. 20 പേരാണു കൌണ്‍സിലില്‍. അതുപോലെ എട്ടാം ക്ളാസു മുതല്‍ ക്ളാസ് പ്രസിഡന്റുമാണ്. 9, 10 ക്ളാസുകളില്‍ പഠിക്കുമ്പോള്‍ സൂപ്രണ്ട് അഡ്വൈസറി ബോര്‍ഡ് മെമ്പറും സ്റ്റുഡന്റ്കൌണ്‍സില്‍ വൈസ് പ്രസിഡന്റുമായിരുന്നു. നാഷണല്‍ ഹിസ്റ്ററി ഡേയ്ക്ക് സ്റേറ്റ് തലത്തില്‍ പ്രോജക്ടുകള്‍ക്കു സമ്മാനം നേടിയിരുന്നു. ബാസ്കറ്റ്ബോളും ബേസ്ബോളും കളിക്കുന്ന വിശാല്‍ ഭാവിയില്‍ അറ്റോര്‍ണിയാകാന്‍ ആഗ്രഹിക്കുന്നു.

സഹോദരരായ വിവേക് ഒമ്പതാം ക്ളാസിലും വിന്‍സ് ഫസ്റ്റ് ഗ്രേഡിലും പഠിക്കുന്നു. മലയാളം പത്രം മാനേജിംഗ് എഡിറ്റര്‍ ജേക്കബ് മാത്യുവിന്റെയും മിനി മാത്യുവിന്റെയും മകനാണ്. റോക്ലന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തിലെ സിസിഡി അസിസ്റന്റ് ടീച്ചറായും വിശാല്‍ പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കണിയാലി