റംസാന്‍ പ്രഭാഷണം; ഡോ. ഹുസൈന്‍ സഖാഫി യുഎഇയിലെത്തി
Wednesday, June 17, 2015 5:32 AM IST
അബുദാബി: യുഎഇ പ്രസിഡന്റ് ഷേയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അതിഥിയായി മര്‍കസ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് റംസാന്‍ പ്രഭാഷണത്തിനായി യുഎഇയിലെത്തി.

അബുദാബി വിമാനത്താവളത്തില്‍ യുഎഇ മതകാര്യവകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഉബൈദ് അല്‍ മസ്റൂഇയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

റംസാനിലെ 30 ദിവസത്തില്‍ മൂന്നു സമയങ്ങളിലെ നിസ്കാരത്തിനുശേഷമാണു വിവിധ നാലു ഭാഷകളിലായി യുഎഇയിലെ തെരഞ്ഞെടുത്ത പള്ളികളില്‍ പ്രഭാഷണം നടത്തുക.

ജൂലൈ മൂന്നിനു (വെള്ളി) അബുദാബി നാഷണല്‍ തിയേറ്ററില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പങ്കെടുക്കുന്ന വിപുലമായ റമസാന്‍ പ്രഭാഷണവും സംഘടിപ്പിച്ചിട്ടുണ്ട്. അറബി, ഉര്‍ദു, ഇംഗ്ളീഷ്, മലയാളം ഭാഷകളിലാണു പ്രധാനമായും ബഹുഭാഷ പ്രഭാഷകനായ ഹുസൈന്‍ സഖാഫി പ്രഭാഷണം നടത്തുക. യുഎഇയിലെ എല്ലാ എമിറേറ്റുകളിലെയും പ്രധാന പള്ളികളിലും ഹുസൈന്‍ സഖാഫിയുടെ റംസാന്‍ പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള