ജാന്‍സണ്‍ കാപ്പന്‍ കാനഡ നാഷണല്‍ ബ്രയിന്‍ ബി ചാമ്പ്യന്‍
Wednesday, June 17, 2015 5:26 AM IST
ടൊറന്റോ: കാനഡയിലെ മെക് മാസ്റര്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന നാഷണല്‍ ബ്രയിന്‍ ബി മത്സരത്തില്‍ ജാന്‍സണ്‍ കാപ്പനു ചാമ്പ്യന്‍പട്ടം. കാല്‍ഗരിയില്‍ നടന്ന എട്ടാമത്തെ ബ്രയിന്‍ ബി മത്സരത്തില്‍ ഒന്നാമതെത്തിയാണ് വെസ്റ് മൌണ്ട് ചാര്‍ട്ടര്‍ സ്കൂളിലെ പത്താം ഗ്രേഡില്‍ പഠിക്കുന്ന ജാന്‍സണ്‍ നാഷണല്‍ ലെവലില്‍ മത്സരിക്കാനുള്ള അര്‍ഹത നേടിയത്.

തലച്ചോറാണ് ഏറ്റവും ഇഷ്ടമുള്ള അവയവമെന്നു പറയുന്ന ജാന്‍സണ്‍ തലച്ചോറിലെ ആയിരം ബില്യണ്‍ ന്യൂറോണുകളെ ഗ്യാലക്സിയിലെ നക്ഷത്രങ്ങളുടെ എണ്ണത്തോടു താരതമ്യപ്പെടുത്തുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളോടുള്ള തലച്ചോറിന്റെ അത്ഭുതകരമായ ബന്ധങ്ങളെപ്പറ്റി പഠിക്കാനുള്ള താത്പര്യം മനസില്‍ കൊണ്ടുനടക്കുകയും ചെയ്യുന്നു.

ഓഗസ്റില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ബ്രയിന്‍ ബി മത്സരത്തില്‍ കാനഡയെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള യോഗ്യത നേടിയതോടൊപ്പം 1500 ഡോളര്‍ കാഷ് അവാര്‍ഡും ട്രോഫിയും ന്യൂറോ സയന്‍സ് ലാബില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുവാനുള്ള അവസരവും ലഭിച്ചു.

തോമസ് എം. കാപ്പന്റെയും അച്ചാമ്മയുടെയും ചെറുമകനും സിറിയക് കാപ്പന്റെയും ലീനയുടെയും മകനുമാണു ജാന്‍സണ്‍ കാപ്പന്‍.