ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനയില്‍ ഇടവക തിരുനാള്‍
Wednesday, June 17, 2015 5:16 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ ഭാരത സഭയുടെ സ്ഥാപകനും പിതാവുമായ മാര്‍ത്തോമ ശ്ളീഹായുടെ ദുക്റാന തിരുനാള്‍ ജൂണ്‍ 28നു (ഞായര്‍) കൊടിയേറ്റും.

ദുക്റാന ദിനമായ ജൂലൈ മൂന്നിനു (വെള്ളി) വൈകുന്നേരം നാലിനു വേസ്പര. തുടര്‍ന്നു ഫാ. സിബി വെട്ടിയോലിയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി. ആറിനു വിവിധ കലാപരിപാടികള്‍ അരങ്ങേറും.

നാലിനു (ശനി) രാവിലെ 10നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു ഫാ. ബിജു നാറാണത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. സൈമണ്‍ പള്ളിപറമ്പില്‍, ഫാ. ജയിംസ് വട്ടക്കുന്നേല്‍, ഫാ. ജോസ് കണ്ടത്തിക്കുടി, ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ച് ആഘോഷമായ പ്രദക്ഷിണവും നടക്കും.

ആറിനു (തിങ്കള്‍) വൈകുന്നേരം മരിച്ചവരുടെ ഓര്‍മത്തിരുനാള്‍ ആചരിക്കും. സെമിത്തേരി സന്ദര്‍ശനവും ഒപ്പീസും ഉണ്ടായിരിക്കും.

ഇവര്‍ഷത്തെ തിരുനാള്‍ ഏറ്റുകഴിക്കുന്നതു യോങ്കേഴ്സ് നാലാം വാര്‍ഡാണ്.

തിരുനാളില്‍ പങ്കെടുത്ത് തോമാശ്ളീഹായുടെ മദ്ധ്യസ്ഥത വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയും അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കലും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി