'ജയറാം ഷോ 2015'ന്റെ ടിക്കറ്റ് വില്പന കിക്കോഫ് വന്‍ വിജയം
Tuesday, June 16, 2015 4:25 AM IST
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ ഹെഡ്ജ് ഇവന്റ്സ് ന്യൂയോര്‍ക്കുമായി സഹകരിച്ചു സെപ്റ്റംബറില്‍ നടത്തുന്ന 'ജയറാം ഷോ 2015'ന്റെ ടിക്കറ്റ് വില്പനയുടെ കിക്കോഫ് വന്‍ വിജയമായി.

സെപ്റ്റംബര്‍ 12-നു (ശനിയാഴ്ച) വൈകുന്നേരം ആറു മുതല്‍ കോള്‍ഡന്‍ സെന്ററിലാണു ജയറാം ഷോ2015 എന്ന സ്റ്റേജ് ഷോ. ജൂണ്‍ 14 ശനിയാഴ്ച എന്‍ബിഎ സെന്ററില്‍ പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണു കിക്ക്ഓഫ് നടത്തിയത്. വൈസ് പ്രസിഡന്റ് ഡോ. സ്മിതാ പിള്ള ഭദ്രദീപം തെളിയിച്ചു ചടങ്ങുകള്‍ ആരംഭിച്ചു. മുന്‍ പ്രസിഡന്റും വേള്‍ഡ് അയ്യപ്പസേവാ ട്രസ്റിന്റെ പ്രസിഡന്റുമായ പാര്‍ഥസാരഥി പിള്ള പ്രാര്‍ഥനാഗാനം ആലപിച്ചു. ജനറല്‍ സെക്രട്ടറി രാംദാസ് കൊച്ചുപറമ്പിലിന്റെ ആമുഖ പ്രസംഗത്തിനു ശേഷം പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ സ്വാഗതം ആശംസിച്ചു. ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രകാശ് നായര്‍ സന്നിഹിതരായിരുന്ന വിവിധ സംഘടനാപ്രവര്‍ത്തകരുടെ സഹായ സഹകരണം അഭ്യര്‍ത്ഥിച്ചു.

മുന്‍ പ്രസിഡന്റും ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും, പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ ജി.കെ. നായര്‍, സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ നാമധേയത്തില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി ഒരു നായര്‍ കമ്മ്യൂണിറ്റി സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനമായിട്ടാണ് ഈ ധനശേഖരണാര്‍ഥ പരിപാടി സംഘടിപ്പിക്കുന്നത് എന്നു പറയുകയുണ്ടായി. വൈസ് പ്രസിഡന്റ് ഡോ. സ്മിതാ പിള്ള, ശ്രീ നാരായണ അസോസിയേഷന്‍ പ്രസിഡന്റ് പ്രസന്നന്‍ കെ.ജി., മുന്‍ പ്രസിഡന്റ് കെ.ജി. സഹൃദയന്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ & കമ്യൂണിറ്റി സെന്ററിന്റെ വൈസ് പ്രസിഡന്റ് കോശി തോമസ്, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ചുങ്കത്തില്‍, മലയാളി ഹിന്ദു മണ്ഡലത്തിനുവേണ്ടി സെക്രട്ടറി കൊച്ചുണ്ണി ഇളവന്‍മഠം, എന്‍.ബി.എ.യുടെ മുന്‍ പ്രസിഡന്റുമാരായ സുനില്‍ നായര്‍, വനജാ നായര്‍, രഘുവരന്‍ നായര്‍, മറ്റു സജീവപ്രവര്‍ത്തകരായ ശോഭാ കറുവക്കാട്ട്, കലാ സതീഷ്, മലയാളം സ്കൂള്‍ പ്രിന്‍സിപ്പല്‍ സരസമ്മ കുറുപ്പ്, ഉണ്ണികൃഷ്ണ മേനോന്‍ എന്നിവര്‍ എല്ലാവിധ സഹായ സഹകരണവും വാഗ്ദാനം ചെയ്യുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

ഹെഡ്ജ് ഇവന്റ്സ് ന്യൂയോര്‍ക്കിനെ പ്രതിനിധീകരിച്ച് സജി ഏബ്രഹാം സംസാരിച്ചു. വളരെ നല്ല ഒരു പരിപാടിയായിരിക്കും ജയറാമിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 12-നു കാഴ്ചവയ്ക്കുക എന്ന് അദ്ദേഹം ഉറപ്പു നല്‍കി. പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ ആദ്യത്തെ ടിക്കറ്റ് പാര്‍ഥസാരഥി പിള്ളയ്ക്ക് നല്‍കിക്കൊണ്ടു ടിക്കറ്റ് വില്പനയുടെ കിക്കോഫിനു തുടക്കം കുറിച്ചു.

സെക്രട്ടറി രാംദാസ് കൊച്ചുപറമ്പില്‍ നന്ദി പറയുകയും എല്ലാവരുടെയും ആത്മാര്‍ഥമായ സഹകരണം അഭ്യര്‍ഥിക്കുകയും ചെയ്തു. ലഘു ഭക്ഷണത്തിനു ശേഷം ചടങ്ങുകള്‍ക്കു വിരാമമായി.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍