സര്‍ഗവായനക്കൊരരങ്ങൊരുക്കി 'ചില്ല സര്‍ഗവേദി'
Monday, June 15, 2015 5:14 AM IST
റിയാദ്: താന്‍ വായിച്ചനുഭവിച്ച പുസ്തകലോകത്തെ വായനയേയും പുസ്തകത്തേയും ഇഷ്ടപ്പെടുന്നവരുമായി പങ്കുവയ്ക്കാനും മറ്റുള്ളവരുടെ വായനാനുഭവം അടുത്തറിയാനുമായി പതിവു രീതികളില്‍ നിന്നും മാറിയൊരു വേദിയായി മാറുകയാണു ചില്ല സര്‍ഗവേദിയുടെ എന്റെ വായന എന്ന പ്രതിമാസ പരിപാടി. ഈ ആഴ്ചയിലെ എന്റെ വായനയ്ക്ക് പി. പദ്മരാജന്റെ ലോല എന്ന കഥാപുസ്തകത്തിലെ അഞ്ചു കഥകള്‍ അവതരിപ്പിച്ചുകൊണ്ടു പ്രിയ സന്തോഷ് തുടക്കമിട്ടു.

ജനാധിപത്യത്തിന്റേയും അധികാരവികേന്ദ്രീകരണത്തിന്റേയും സാക്ഷാത്കരണത്തിന് അധികാര സംവിധാനങ്ങളെക്കുറിച്ചുള്ള സംവാദങ്ങള്‍ അടുക്കളയില്‍നിന്നും തീന്‍മേശയില്‍നിന്നും ആരംഭിക്കണമെന്നു ഡെമോക്രാറ്റിക് പൊളിറ്റിക്സ് എന്ന പുസ്കത്തെ പരിചയപ്പെടുത്തിക്കൊണ്ട് എം. ഫൈസല്‍ ഗുരുവായൂര്‍ പറഞ്ഞു. ജീവിത സന്ദര്‍ഭങ്ങളുടെയും അനുഭവങ്ങളുടെയും സഹായത്തോടെ ജനാധിപത്യത്തെ നിര്‍വചിക്കാനും വ്യാഖ്യാനിക്കാനും വിദ്യാര്‍ത്ഥികളെ പര്യാപ്തരാക്കുന്ന പുസ്തകം നിലവിലുള്ള വ്യവസ്ഥിതിയോടു വിയോജിക്കാനും വ്യവസ്ഥാപിത ജനാധിപത്യ സാമൂഹ്യക്രമങ്ങളെ ഉടച്ചുവാര്‍ക്കാനുള്ള വിപ്ളവകരമായ മാറ്റങ്ങള്‍ക്കു വഴിമരുന്നിടാനും സഹായകമാകും. എന്‍സിആര്‍ടി പുസ്തകശ്രേണിയിലെ സുപ്രധാന ഗ്രന്ഥമാണ് ഇതെന്ന് അധ്യാപകന്‍ കൂടിയായ എം. ഫൈസല്‍ പറഞ്ഞു. ഫ്യൂഡല്‍ വ്യവസ്ഥിതികളിലേക്കു വഴിമാറിച്ചവിട്ടുന്ന ഇന്ത്യയിലെ വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇത്തരം പുസ്തകങ്ങള്‍ വിദ്യാര്‍ഥികളുടെ പുസ്തകസഞ്ചിയില്‍ എത്രകാലം നിലനില്‍ക്കുമെന്ന ഉത്കണ്ഠയും ഫൈസല്‍ മാഷ് പ്രകടിപ്പിച്ചു.

ലോക മനഃസാക്ഷിയെ പിടിച്ചുലയ്ക്കുകയും സാന്ത്വനിപ്പിക്കുകയും അതോടൊപ്പം പ്രത്യാശാനിര്‍ഭരമാക്കുകയും ചെയ്ത ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളുടെ വായനാനുഭവം നൌഫല്‍ പൂവ്വക്കുറിശ്ശി ഹൃദ്യമാക്കി. മനുഷ്യജീവിതങ്ങളുടെ സങ്കീര്‍ണവും ചിലപ്പോള്‍ അതിലോലവുമായ അവസ്ഥകളെ മണ്ണിലെ ഇതരജീവികളുമായി ഇഴചേര്‍ത്ത് ശക്തമായ ഭാഷയില്‍ കഥ പറയുന്ന ഉണ്ണി ആര്‍ രചിച്ച കോട്ടയം 17 ലീലയും മറ്റ് കഥകളും എന്ന പുസ്തകം എഴുത്തുകാരി ബീന ഫൈസല്‍ അവതരിപ്പിച്ചു. നിരാശയുടെ ലോകത്തെ മറികടക്കാന്‍ തളരാത്ത ഇച്ഛാശക്തി കൂട്ടിനുണ്െടന്നു പറയുന്ന ഏണസ്റ്റ് ഹെമിംഗ്വേയുടെ കിഴവനും കടലും എന്ന നോവലിനെ ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ പരിചയപ്പെടുത്തി. സഹജീവികളോടും പ്രകൃതിയോടുമുള്ള സ്നേഹം, ഉദാരത, ആരും ഒറ്റപ്പെടുന്നില്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ തുടങ്ങി വായനക്കാരെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നതാണു ഹെമിംഗ്വേയുടെ നോവലെന്ന് ഇഖ്ബാല്‍ പറഞ്ഞു.

അഫ്ഘാനി എഴുത്തുകാരന്‍ ഖാലിദ് ഹൊസൈനിയുടെ രണ്ടാമത്തെ നോവലായ എ തൌസന്റ് സ്പ്ളൈഡിഡ് സണ്‍സ് വിദ്യാര്‍ഥിയായ അഹ്ലം അബ്ദുസ്സലാം അവതരിപ്പിച്ചു. വ്യത്യസ്ത സാഹചര്യങ്ങളില്‍ രണ്ട് യുവതികളുടെ വ്യക്തിസ്വാതന്ത്യ്രം നിഷേധിക്കപ്പെടുന്ന അവസ്ഥകളില്‍ ജീവിതത്തെ പ്രതീക്ഷാപൂര്‍വം അഭിമുഖീകരിക്കുന്നത് ഹൃദ്യമായ അവതരണത്തിലൂടെ അഹ്ലം വിവരിച്ചു. മലയാളത്തിലെ പ്രസിദ്ധ നിരൂപകയായ ഡോ. എസ് ശാരദക്കുട്ടി എഴുതിയ പെണ്‍ വിനിമയങ്ങള്‍ എന്ന പുസ്തകം ചില ഭാഗങ്ങള്‍ വായിച്ചുകൊണ്ട് ഷക്കീല വഹാബ് അവതരിപ്പിച്ചു.

റഫീഖ് പന്നിയങ്കര അവലോകനം നടത്തി. പ്രദുല്‍ഷാദ് ചെന്ത്രോത്ത് പുഴയുടെ കഥ എന്ന കവിത ആലാപനം ചെയ്തു. നജീം കൊച്ചുകലുങ്ക്, സിജിന്‍ കൂവള്ളൂര്‍, ജോഷി പെരിഞ്ഞനം, പ്രഭാകരന്‍, റഫീഖ് തിരുവാഴാംകുന്ന്, സുരേഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ശിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നൌഷാദ് കോര്‍മത്ത് മോഡറേറ്ററായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍