'പിശാചുക്കളെ ചങ്ങലകളില്‍ ബന്ധിക്കുന്നതിലൂടെ പരിവര്‍ത്തനം സാധ്യമാക്കാന്‍ തയാറാകണം'
Sunday, June 14, 2015 7:36 AM IST
കുവൈറ്റ്: നരകത്തിന്റെ വാതിലുകള്‍ അടയ്ക്കപ്പെടുകയും പിശാചുക്കളെയെല്ലാം ചങ്ങലകളില്‍ ബന്ധിപ്പിക്കപ്പെടുകയും സ്വര്‍ഗവാതിലുകള്‍ തുറക്കപ്പെടുകയും ചെയ്യുന്ന ഈ അസുലഭ മുഹൂര്‍ത്തം ഉപയോഗപ്പെടുത്തി തിന്മകളില്‍നിന്നു മാറി വലിയ പരിവര്‍ത്തനത്തിനു സമൂഹം തയാറാകണമെന്ന് ഐഐസി വൈസ് ചെയര്‍മാന്‍ വി.എ. മൊയ്തുണ്ണി. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച 'അഹ്ലന്‍ വസഹ്ലന്‍ യാ റമദാന്‍' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്തിപുരസരം ഏക ദൈവത്തിലേക്കു മടങ്ങാനും ലോകരുടെ സന്മാര്‍ഗ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ വായിച്ച് തീര്‍ക്കാതെ ആശയതലത്തെ മനസിലാക്കാനും ജീവിതമാക്കി മാറ്റാനും വിശ്വാസികള്‍ മുന്നോട്ടു വരണമെന്നും മൊയ്തുണ്ണി വിശദീകരിച്ചു. സമൂഹത്തില്‍ ഐക്യവും സ്നേഹവും സമാധാന അന്തരീക്ഷവും വളര്‍ത്തിയെടുക്കുകയാണു നോമ്പിലൂടെ ലക്ഷ്യമിടുന്നതെന്നു സംഗമത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച മൌലവി മുഹമ്മദ് അരിപ്ര പറഞ്ഞു.

പ്രസിഡന്റ് എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി, സാമൂഹ്യ ക്ഷേമ സെക്രട്ടറി എന്‍.കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍