ഇന്ത്യന്‍ എംബസി ഫേസ്ബുക്ക് പേജ് കൂടുതല്‍ ജനകീയമാക്കണം: റിഫ
Friday, June 12, 2015 8:23 AM IST
റിയാദ്: റിയാദിലെ ഇന്ത്യന്‍ എംബസി നിലവിലെ ഫേസ്ബുക്ക് അക്കൌണ്ട് അടക്കമുള്ളവ കൂടുതല്‍ ജനകീയമാക്കി ഇവിടെയുള്ള പ്രവാസികളിലേക്ക് കൂടുതല്‍ അടുക്കണമെന്നും എംബസിയിലേയും വിദേശകാര്യ മന്ത്രാലയത്തിലേയും പുതിയ നിയമങ്ങളും മാറ്റങ്ങളും ജനങ്ങളിലെത്തിക്കാന്‍ കൃത്യമായ സംവിധാനമൊരുക്കണമെന്നും റിയാദ് ഇന്ത്യന്‍ ഫ്രന്റ്ഷിപ്പ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

1983 ല്‍ പാര്‍ലമെന്റ് പാസാക്കിയ ഇന്ത്യന്‍ കുടിയേറ്റ നിയമവും ചട്ടങ്ങളും കാലഹരണപ്പെട്ടതാണെന്നും കാലഘട്ടം ആവശ്യപ്പെടുന്നതനുസരിച്ച് വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ഇന്ത്യന്‍ കുടിയേറ്റ നിയമത്തില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും റിഫ വാര്‍ഷിക പൊതുയോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

ഇപ്പോള്‍ കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയത്തിന്റെ കൈയിലുള്ള കരട് കുടിയേറ്റ നിയമം പ്രസിദ്ധീകരിക്കണമെന്നും ഇന്ത്യന്‍ സാമൂഹ്യ ക്ഷേമ ഫണ്ട്, വിവിധ സുരക്ഷാ പദ്ധതികള്‍ തുടങ്ങി എല്ലാ ക്ഷേമപദ്ധതികളും നിമയത്തിന്റെ ഭാഗമാക്കുകയും പ്രവാസി സംഘടനകളുടെ കൂടി നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് അതൊരു ബില്ലാക്കി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

റിഫ പ്രസിഡന്റ് ചേമ്പില്‍ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കെ.പി ഹരികൃഷ്ണന്‍, ജയശങ്കര്‍ പ്രസാദ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ജിമ്മി പോള്‍സണ്‍ (പ്രസിഡന്റ്), കെ.പി. ഹരികൃഷ്ണന്‍ (ജന. സെക്രട്ടറി), നിബു വര്‍ഗീസ് (ട്രഷറര്‍), രഞ്ജിനി മോഹന്‍ദാസ് (വൈസ് പ്രസിഡന്റ്), ബിജു മുല്ലശേരി (ജോ. സെക്രട്ടറി), രാജീവ് ഹരിപ്പാട് (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

സീമ മോനോന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജിമ്മി പോള്‍സണ്‍ സ്വാഗതവും ജേക്കബ് കരത്ര നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍