സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണം ജൂണ്‍ 12ന്
Thursday, June 11, 2015 8:17 AM IST
മനാമ: സമസ്ത ബഹറിന്‍ മദ്രസകളുടെ കേന്ദ്രമായ മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്രസയുടെ 20-ാം വാര്‍ഷിക ത്രൈമാസ കാമ്പയിന്‍ 'തസ്ബീത് 2015' ന്റെ ഭാഗമായി സമസ്ത കേരള സുന്നീ ജമാഅത്ത് ജൂണ്‍ 12ന് (വെള്ളി) രാത്രി 8.30ന് പാകിസ്ഥാന്‍ ക്ളബ്ബില്‍ സംഘടിപ്പിക്കുന്ന മത വിജ്ഞാന സദസില്‍ യുവപ്രഭാഷകനും പണ്ഡിതനുമായ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും.

വിശുദ്ധ റമദാന്‍ മാസത്തിനു മുന്നോടിയായി നടത്തെപ്പെടുന്ന പരിപാടിയില്‍ 'ഖുര്‍ആനിലൂടെ റമദാനിലേക്ക്' എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം സംസാരിക്കും.

പ്രഭാഷണ കലയില്‍ വേറിട്ട ശൈലികൊണ്ടും ആഴത്തിലിറങ്ങിയ വിഷയാവതരണം കൊണ്ടും ശ്രദ്ധേയമായ നിരവധി പഠന ക്ളാസുകളും പ്രഭാഷണങ്ങളുമാണ് സിംസാറുല്‍ ഹഖ് ഹുദവി കേരളത്തിനകത്തും പുറത്തുമായി നടത്തിയിട്ടുള്ളത്. കേരളത്തിലെ അത്യുന്നത വൈജ്ഞാനിക കേന്ദ്രമായ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍നിന്നു പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അബുദാബി ബ്രിട്ടീഷ് സ്കൂളിലെ ഇസ്ലാമിക പഠന വിഭാഗം തലവനായിട്ടാണു ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എല്ലാ ശനിയാഴ്ചകളിലും അബുദാബി ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ഖുര്‍ആന്‍ പഠന ക്ളാസുകളില്‍ നൂറുകണക്കിനു വിശ്വാസികള്‍ സ്ഥിരം പഠിതാക്കളാണ്.

പ്രഭാഷണം ശ്രവിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണു സമസ്തയുടെ നേതൃത്വത്തില്‍ എസ്കെഎസ്എസ്എഫ് വിഖായ പാകിസ്ഥാന്‍ ക്ളബ്ബില്‍ ഒരുക്കിയിട്ടുള്ളത്. പരിപാടിയുടെ ഉദ്ഘാടന കര്‍മം സമസ്ത കേരള സുന്നീ ജമാഅത്ത്, ബഹറിന്‍ പ്രസിഡന്റ് സയിദ് ഫക്റുദ്ദീന്‍ തങ്ങള്‍ നിര്‍വഹിക്കും. വിവിധ ഏരിയകളില്‍നിന്നു വാഹന സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്െടന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 33049112, 33987487.