ന്യൂസിറ്റി സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നടത്തിയ ഫാമിലി കോണ്‍ഫറന്‍സ് കിക്ക് ഓഫ് വന്‍ വിജയമായി
Thursday, June 11, 2015 8:14 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 29-ാമത് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനായുള്ള ന്യൂസിറ്റി സെന്റ് ജോര്‍ജ് ദേവാലയത്തിലെ കിക്ക് ഓഫ്, വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ച് ഇടവക മെത്രാപ്പോലീത്ത യെല്‍ദോ മാര്‍ തീത്തോസിന്റെ സാന്നിധ്യത്തില്‍ നടന്നു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന യോഗത്തില്‍ വികാരി റവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്കോപ്പ സ്വാഗതം ആശംസിച്ചു. പെന്‍സില്‍വാനിയ ലാന്‍കാസ്റര്‍ ഹോസ്റ് റിസോര്‍ട്ടില്‍ നടന്ന ഈ വര്‍ഷത്തെ കുടുംബമേളയുടെ പ്രത്യേകതകളെക്കുറിച്ചും ഇടവകാംഗങ്ങള്‍ അതില്‍ സംബന്ധിക്കേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം സ്വാഗതപ്രസംഗത്തില്‍ വിവരിച്ചു.

പാത്രിയര്‍ക്കീസ് ബാവായും ശ്രേഷ്ഠ കാതോലിക്ക ബാവായും മറ്റു മെത്രാപ്പോലീത്തമാരും സഭാമേലധ്യക്ഷന്മാരും സംബന്ധിക്കുന്ന കോണ്‍ഫറന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ചു മെത്രാപ്പോലീത്ത ഇടവകാംഗങ്ങളെ ബോധവത്കരിച്ചു. ഭദ്രാസന ട്രഷറര്‍ സാജു പൌലോസ് മാരോത്ത്, ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളില്‍നിന്നായി ഇതിനോടകം ലഭിച്ചിട്ടുള്ള ആവേശകരമായ സഹകരണത്തെക്കുറിച്ചും കോണ്‍ഫറന്‍സ് സംബന്ധമായ മറ്റു നടപടികളെക്കുറിച്ചും യോഗത്തെ ധരിപ്പിച്ചു. അംഗങ്ങളില്‍ പലരും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി രജിസ്ട്രേഷന്‍ ഫോം മെത്രാപ്പോലീത്തായ്ക്കു കൈമാറി. ഇടവകയില്‍നിന്നു കഴിവതും ആളുകള്‍ ഇതില്‍ പങ്കുചേര്‍ന്ന് കുടുംബമേള വന്‍ വിജയമാക്കിതീര്‍ക്കണമെന്ന് വികാരി റവ. ഗീവര്‍ഗീസ് ഇടവകാംഗങ്ങളെ ഓര്‍മിപ്പിച്ചു.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണ്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍