ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ആചരിച്ചു
Thursday, June 11, 2015 5:07 AM IST
ഷിക്കാഗോ: ജൂണ്‍ ഒമ്പതിനു ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ അദ്ഭുതപ്രവര്‍ത്തകനും ഉദ്ദിഷ്ടകാര്യങ്ങളുടെ മധ്യസ്ഥനുമായ പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ഭക്ത്യാഡംബരപൂര്‍വ്വം കൊണ്ടാടി. കഴിഞ്ഞ ഒമ്പതു ദിവസമായി നടന്നു വരുന്ന നൊവേനായുടെ അവസാന ദിവസമായ ചൊവ്വാഴ്ചയിലെ ആഘോഷമായ ദിവ്യബലിയില്‍ ഫൊറോനാ വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് കാര്‍മ്മികനായിരുന്നു.

പോര്‍ച്ചുഗലിലെ ലിസ്ബണില്‍ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച് ഒരു വിശുദ്ധനായിത്തീര്‍ന്ന വിശുദ്ധ അന്തോനീസിന്റെ ജീവിതമാതൃക നമ്മള്‍ പ്രാവര്‍ത്തികമാക്കണമെന്നു മുത്തോലത്തച്ചന്‍ ആഹ്വാനം ചെയ്തു. വചനസന്ദേശം, ലദീഞ്ഞ്, നേര്‍ച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകള്‍ തിരുനാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. തിരുന്നാള്‍ മോടിപിടിപ്പിക്കുന്നതിന് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേള്‍, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ് പുത്തന്‍പുരയില്‍ എന്നിവര്‍ നേത്രുത്വം നല്‍കി. ഈ ഫൊറോനായിലെ സജി & സോളി മാലിതുരുത്തേല്‍, റ്റോമി കുന്നശേരി, ഫിലിപ് & ആന്‍സി കണ്ണോത്തറ, തോമസ് & ഷീജ കണ്ണച്ചാമ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസുദേന്തിമാരായി. അശരണരുടെയും, ആലംബഹീനരുടെയും മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ നൊവേനയില്‍ സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിച്ച എല്ലാവര്‍ക്കും, നൊവേനയുടെ പ്രസുദേന്തിമാര്‍ക്കും മുത്തോലത്തച്ചന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍ കിഴക്കനടി