സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ടൊറന്റോയുടെ വാര്‍ഷികം ജൂണ്‍ 21ന്
Wednesday, June 10, 2015 6:31 AM IST
ടൊറന്റോ: കാനഡയില്‍ സ്ഥാപിതമായ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ടൊറന്റോയുടെ ഒന്നാം വാര്‍ഷികവും ആദ്യമായി മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും മാമ്മോദിസായും പാരിഷ് കൌണ്‍സിലിന്റെ ഉദ്ഘാടനവും കൈക്കാരന്മാരുടെ സത്യപ്രതിഞ്ജയും ജൂണ്‍ 21നു (ഞായര്‍) ഉച്ചകഴിഞ്ഞ് 3.30നു നടക്കും.

മിസിസാഗയിലുള്ള സേവ്യര്‍ ഓഫ് വേള്‍ഡ് കാത്തോലിക്ക പള്ളി, സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സ്കൂള്‍ എന്നീ വേദികളിലാണ് ആഘോഷങ്ങള്‍.

കാനഡയിലെ അപ്പോസ്തോലിക വിസിറ്ററും ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷനുമായ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ സഹകാര്‍മികരായി ക്നാനായ റീജണ്‍ നോര്‍ത്ത് അമേരിക്ക ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാല്‍, ടൊറന്റോ അതിരൂപത ക്ളേര്‍ജി പേഴ്സണലും ചാപ്ളെയിന്‍സി ഡയറക്ടറുമായ മോണ്‍. തോമസ് കളാരത്തില്‍ കാനഡയില്‍ സേവനം ചെയ്യുന്ന നിരവധി മലയാളി വൈദികരും പങ്കെടുക്കും.

പിയോ ജോണ്‍ അരയത്ത്, എല്‍സ രാജീവ് വള്ളിതോട്ടത്തില്‍ എന്നീ കുട്ടികളുടെ ആദ്യകുര്‍ബാനയും ഐസയ ജെസുമരിയ കല്ലിടാന്തിയിന്റെ മാമ്മോദീസായും കുര്‍ബാന മധ്യേ നടക്കും. ആഘോഷങ്ങളോടനുബന്ധിച്ചു സ്നേഹവിരുന്നും ഇടവകാംഗങ്ങളുടെ കലാപരിപാടിയും ഉണ്ടായിരിക്കും. മിഷന്‍ ചാപ്ളയിന്‍ ഫാ. ജോര്‍ജ് പാറായിലിനോടൊപ്പം നിയുക്ത കമ്മിറ്റി അംഗങ്ങളും പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. വെശയൌ900@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ഷിബു കിഴക്കേകുറ്റ്