'മനുഷ്യകുലത്തെ നിലനിര്‍ത്തുന്നത് സൌഹൃദങ്ങള്‍'
Wednesday, June 10, 2015 6:30 AM IST
അബുദാബി: പരസ്പരമുള്ള സൌഹൃദങ്ങള്‍ കൊണ്ടാണു മനുഷ്യകുലങ്ങള്‍ നിലനില്‍ക്കുന്നതെന്നും അല്ലെങ്കില്‍ ആരുടെയെങ്കിലും ആര്‍ത്തികൊണ്ട് ഇരയായിത്തീരാവുന്നതേയുള്ളൂ മുനുഷ്യജന്മങ്ങളെന്നും പ്രഫ വി. മധുസൂദനന്‍ നായര്‍. അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ 2015-16 പ്രവര്‍ത്തനവര്‍ഷത്തെ സാഹിത്യവിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളെന്നു വിശ്വസിക്കുന്നവരാണ് കവികളും ദാര്‍ശനികരും ശാസ്ത്രജ്ഞരും. എല്ലാറ്റിനെയും സ്നേഹത്തോടെ നെഞ്ചോട് അടക്കിപ്പിടിക്കാന്‍ കഴിയുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയുന്നത് എഴുത്തുകാര്‍ക്കാണ്.

ഒരു രാഷ്ട്രതന്ത്രജ്ഞനുപോലും കാണാന്‍ കഴിയാത്ത വിധം ഒരു വിശ്വനയം സ്ഥാപിക്കുന്നവനാണ് എഴുത്തുകാരന്‍. വിശ്വപരമായ സങ്കല്‍പ്പങ്ങളെ കുറിച്ചല്ലാതെ വിഭാഗീയപരമായ ചിന്തകളെക്കുറിച്ച് കവിമനസുകള്‍ക്കു ചിന്തിക്കാനാവില്ല. മനസങ്കല്‍പ്പങ്ങള്‍കൊണ്ട് ലോകത്തെ പുനഃസൃഷ് ടിക്കുന്നവനാണു ശരിയായ എഴുത്തുകാരന്‍. ആ കവിയുടെ കാഴ്ചയിലൂടെയാണു നാം പുതിയ ലോകത്തെ കാണുന്നതും സൃഷ്ടിക്കുന്നതും. അതുകൊണ്ടാണ് എഴുത്തുകാരനെ പൂര്‍വികര്‍ പ്രജാപതി എന്നു വിശേഷിപ്പിച്ചത്.

ഏതൊരു എഴുത്തുകാരനും ഋഷിയുടെ തലത്തിലേക്ക് ഉയരാന്‍ കഴിയണം. എന്നാല്‍ മാത്രമേ സര്‍വാദരണീയനായ എഴുത്തുകാരനാകാന്‍ കഴിയൂ. എല്ലാ കാലത്തും ജീവിക്കുന്നവനാണു നല്ല എഴുത്തുകാരന്‍. എഴുത്തുകാരന് ഒരിക്കലും മരണമില്ല. മനുഷ്യന്റെ ഓര്‍മയില്‍ ഇടം ഇല്ലാത്തവനാണു മരിച്ചവന്‍-മധുസൂദനന്‍ നായര്‍ തുടര്‍ന്നു പറഞ്ഞു.

കാവ്യസന്ധ്യയില്‍ കിളിപ്പാട്ട്, നാറാണത്ത് ഭ്രാന്തന്‍ എന്നീ കവിതകള്‍ കവി ആലപിച്ചു. പി.എന്‍. വിനയചന്ദ്രന്‍, ജമാല്‍ മൂക്കുതല, ചിത്ര ശ്രീവത്സന്‍, ബിന്‍സ താജുദ്ദീന്‍, സുകുമാര്‍ കണ്ണൂര്‍, അഡ്വ. ഐഷ ഷക്കീര്‍, മനോജ് ആറ്റിങ്ങല്‍, കൃഷ്ണകുമാര്‍, ഷമീന എന്നിവര്‍ വിവിധ കവിതകള്‍ അവതരിപ്പിച്ചു.

സെന്റര്‍ ജനറല്‍ സെക്രട്ടറി മധു പരവൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് പ്രേംലാല്‍, ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് രമേശ് പണിക്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി റഷീദ് പാലക്കല്‍ സ്വാഗതവും അസി. സാഹിത്യ വിഭാഗം സെക്രട്ടറി മനോരഞ്ജന്‍ നന്ദിയും പറഞ്ഞു.