കേഫാക് ഗ്രാന്‍ഡ് ഹൈപ്പര്‍ ലീഗ്: കലാശ പോരാട്ടത്തില്‍ ഫഹാഹീല്‍ ബ്രദേഴ്സും മലപ്പുറം ബ്രദേഴ്സും ഏറ്റുമുട്ടും
Wednesday, June 10, 2015 6:29 AM IST
കുവൈറ്റ്: ഫുട്ബോളിന്റെ മാസ്മരിക സൌന്ദര്യത്തിനു വെള്ളിയാഴ്ച അരങ്ങൊഴിയുന്നു. ഇന്ത്യയിലെ പ്രശസ്തരായ ക്ളബ്ബ് ഫുട്ബോള്‍ താരങ്ങളും പ്രവാസിതാരങ്ങളും അണിനിരന്ന മിശിറഫ് മൈതാനത്തില്‍ ആവേശത്തിന്റെ അലയൊലി തീര്‍ത്ത നീണ്ട ഏഴു മാസത്തെ കാത്തിരിപ്പിനു വിട നല്‍കി നിലവിലെ ചാമ്പ്യന്‍ ഫഹാഹീല്‍ ബ്രദേഴ്സും മലപ്പുറം ബ്രദേഴ്സും കലാശ പോരാട്ടത്തില്‍ ഏറ്റുമുട്ടും.

മിശ്രിഫ് ഫ്ളഡ്ലിറ്റ് സ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം 6.30നാണു ഫൈനല്‍. കുവൈറ്റിലെ പ്രമുഖരായ പതിനെട്ടോളം ഫുട്ബോള്‍ ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ആവേശജ്വലമായ മത്സരങ്ങള്‍ക്കാണു സ്റേഡിയം സാക്ഷ്യം വഹിച്ചത്. ഏറനാടന്‍ കളിപ്പെരുമയുമായി വന്ന മലപ്പുറവും ഫഹാഹീലും തമിലുള്ള മത്സരം പൊടിപാറുമെന്നാണു കരുതുന്നത്.

നേരത്തേ നടന്ന സെമിയില്‍ മാക്ക് കുവൈറ്റിനെ മറികടന്ന് ഫഹാഹീല്‍ ബ്രദേഴ്സും സിഎഫ്സി സാല്‍മിയെ പരാജയപ്പെടുത്തി മലപ്പുറം ബ്രദേഴ്സും ഫൈനല്‍ പോരാട്ടത്തിന് അര്‍ഹത നേടുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം ഫോമില്‍ തുടരുന്ന ടീമുകളുടെ ഫൈനല്‍ മത്സരം പ്രവചനങ്ങള്‍ക്ക് അതീതമാണ്. മൂന്നാം സീസണ്‍ അവസാനിക്കുമ്പോള്‍ത്തന്നെ ഏറ്റവും കൂടുതല്‍ കാണികളുള്ള പ്രവാസി ഫുട്ബാള്‍ ലീഗായി കേഫാക് ഗ്രാന്റ് ഹൈപ്പര്‍ മാറിക്കഴിഞ്ഞു. കുവൈറ്റിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കാനുള്ള സൌകര്യമൊരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 99708812, 99783404, 97494035.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍