കളിക്കളത്തില്‍ അവസരങ്ങള്‍ തേടി അജ്മല്‍
Wednesday, June 10, 2015 6:25 AM IST
ദമാം: കഴിഞ്ഞ വര്‍ഷം മഞ്ചേരി പയ്യനാട്ട് നടന്ന സന്തോഷ് ട്രോഫിയില്‍ തമിഴ്നാടിന്റെ ഗോള്‍ വലയം കാത്ത അജ്മല്‍ കൂടുതല്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു.

റോയല്‍ ട്രാവല്‍സ് ഫുട്ബോള്‍ മേളയില്‍ ദമാമിലെ പ്രമുഖ ഫുട്ബോള്‍ ക്ളബ്ബായ ഖാലിദിയ്ക്കുവേണ്ടി ജേഴ്സിയണിയാന്‍ നാട്ടില്‍നിന്നെത്തിയതാണ് മലപ്പുറം എടക്കര അറണാടംപാടം പള്ളിപടി എരഞ്ഞിക്കല്‍ അബ്ദുള്‍ അസീസ്-ആസിയ ദമ്പതികളുടെ മകനായ അജ്മല്‍.

ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കളി തുടങ്ങിയിരുന്നെങ്കിലും ബിരുദ പഠനത്തിനു ട്രിച്ചിയിലെ ജമാല്‍ മുഹമ്മദ് കോളജില്‍ എത്തിയതോടെയാണു ഗോള്‍ കീപ്പറെന്ന നിലയില്‍ പ്രഫഷണല്‍ രംഗത്തേക്കു കാലെടുത്തുവച്ചത്. മികച്ച കായിക പരിശീലനം ലഭിച്ചതോടെ നിരവധി അവസരങ്ങള്‍ തേടിയെത്തി. രണ്ടു വര്‍ഷത്തോളമായി ചെന്നൈ ഇന്ത്യന്‍ ബാങ്കിനു വേണ്ടി ബൂട്ടണിയുന്ന അജ്മല്‍ അണ്ണാമല യൂണിവേഴ്സിറ്റിയില്‍ പിജി ഡിപ്ളോമ കോഴ്സ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ വര്‍ഷം കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍ നടന്ന ദക്ഷിണേന്ത്യന്‍ സര്‍വകലാശാല ഫുട്ബോള്‍ മല്‍സരത്തില്‍ മികച്ച ഗോളിയായി തെരഞ്ഞെടുത്തിരുന്നു. സ്വന്തം നാട്ടില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ സര്‍വീസസിനോടു പരാജയപ്പെട്ടതാണ് ഏറ്റവും ദുഖിപ്പിച്ച നിമിഷം. കായികരംഗത്ത് കേരളത്തെ അപേക്ഷിച്ച് തമിഴ്നാട് ഭരണകൂടം മെച്ചപ്പെട്ട സൌകര്യങ്ങളും ആനുകൂല്യങ്ങളുമാണ് നല്‍കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം നല്ല ജോലിസാധ്യതയും അവിടെയുണ്ട്. കേരളത്തിനുവേണ്ടി കളിക്കാന്‍ ആഗ്രഹമുണ്െടങ്കിലും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനാല്‍ തമിഴ്നാട്ടില്‍ത്തന്നെ തുടരാനാണു തീരുമാനം. തമിഴ്നാട്ടില്‍ നിരവധി മലയാളികള്‍ വിവിധ ടീമുകളില്‍ കളിക്കുന്നുണ്ട്. റൈറ്റ് ടൈം റൈറ്റ് പൊസിഷന്‍ എന്നതായിരിക്കണം ഒരു ഗോള്‍ കീപ്പര്‍ക്കു വേണ്ടതെന്ന് ഉപദേശിക്കുന്ന അജ്മല്‍ പ്രവാസലോകത്ത് മികച്ച ഗോള്‍കീപ്പര്‍മാരെ കാണാനായതില്‍ സന്തോഷം പ്രകടിപ്പിച്ചു. നാട്ടിലേക്കാളുപരി പ്രവാസ ലോകത്താണു ഫുട്ബോള്‍ വളരുന്നതെന്നു സൌദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടവേളകളില്ലാതെ നടക്കുന്ന ഫുട്ബോള്‍ മേളകള്‍ വ്യക്തമാക്കുന്നു.

നാട്ടിലെ പ്രമുഖ ടീമുകള്‍ക്കുവേണ്ടി സെവന്‍സ് ഫുട്ബോള്‍ മൈതാനങ്ങളില്‍ അജ്മല്‍ തിളങ്ങിയിട്ടുണ്ട്. സബാന്‍ കോട്ടക്കല്‍, ഫ്രണ്ട്സ് മമ്പാട്, ബെയ്സ് പെരുമ്പാവൂര്‍ തുടങ്ങി പ്രമുഖ ടീമുകളുടെ ഗോള്‍ വലയം കാത്തിട്ടുണ്ട്. ഭാര്യ ഷര്‍മിള ബാനു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം