മരുഭൂമിയിലെ അടിമ ജീവിതത്തില്‍നിന്നു മലയാളിയെ നവയുഗം പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി
Wednesday, June 10, 2015 6:24 AM IST
ദമാം: കുടിക്കാന്‍ വാട്ടര്‍ ടാങ്കറില്‍ വരുന്ന തുരുമ്പ് കലര്‍ന്ന ചൂടുവെള്ളം. ഭക്ഷണം സ്പോണ്‍സറായ ഖത്തര്‍ പൌരനും കൂട്ടുകാരും ഭക്ഷിക്കുന്നതിന്റെ എച്ചില്‍. ഉറക്കം വാട്ടര്‍ ടാങ്കിനു കീഴില്‍ വെറും മണലില്‍. കടുത്ത ചൂടിലും തണുപ്പിലും കയറി നില്‍ക്കാന്‍ ഒരു വീടില്ല. ശമ്പളമില്ല. പുറംലോകവുമായി ബന്ധമില്ല. ഒപ്പം അസഹനീയമായ മര്‍ദനവും. എതിര്‍ത്താല്‍ കൊന്നു മണലില്‍ കുഴിച്ചു മൂടുമെന്ന ഭീക്ഷണിയും. ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു പോയ നാളുകള്‍. എല്ലാ പ്രതീക്ഷകളും തകര്‍ന്ന് അടിമജീവിതം മൂലം നരകിച്ച ആ നാളുകള്‍ ഓര്‍ക്കുമ്പോള്‍ത്തന്നെ വാസു പ്രഭാകരന്റെ കണ്ണു നിറയും. ഒടുവില്‍ ഏറെ പരിശ്രമങ്ങള്‍ക്കുശേഷം നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായഹസ്തം വാസു പ്രഭാകരനെ തേടിയെത്തുകയായിരുന്നു.

എറണാകുളം തൃപ്പൂണിത്തുറ ഇല്ലിക്കപ്പടി സ്വദേശിയായ വാസു പ്രഭാകരന്റെ ജീവിതത്തില്‍ ദുരന്തം വന്നുകയറുന്നത് ഒരു വര്‍ഷം മുമ്പാണ്. കടുത്ത അള്‍സര്‍ രോഗിയായ ഭാര്യയുടെ ചികിത്സയ്ക്കായി പണം കണ്െടത്താനാകാതെ കഷ്ടപ്പെട്ട് കഴിയുന്ന സമയത്താണു ഖത്തറില്‍ ജോലി ചെയ്യുന്ന അഞ്ചല്‍ സ്വദേശിയായ അന്‍വര്‍ എന്നയാള്‍ ഒരു വീസ നല്‍കാമെന്ന വാഗ്ദാനവുമായി വാസുവിനെ സമീപിക്കുന്നത്. വിസിറ്റിംഗ് വീസയില്‍ ഖത്തറില്‍ എത്തിയ ശേഷം, കമ്പനിയില്‍ ഹെവി ഡ്രെെവര്‍ ആയി ജോലി വാങ്ങി നല്‍കാം എന്നായിരുന്നു വാഗ്ദാനം. കുടുംബത്തിന്റെ അവസ്ഥ കാരണം വാസു ആ വാഗ്ദാനം സ്വീകരിച്ചു. സര്‍വീസ് ചാര്‍ജ് ആയി നല്ലൊരു തുകയും അന്‍വര്‍ വാങ്ങി.

എന്നാല്‍, ഖത്തറില്‍ എത്തിയ ശേഷം അന്‍വര്‍ പറഞ്ഞ കമ്പനിയെ സമീപിച്ചപ്പോള്‍, പ്രായക്കൂടുതല്‍ കാരണം ഡ്രൈവര്‍ ജോലി കിട്ടിയില്ല. തന്നെ തിരികെ നാട്ടിലേക്ക് അയയ്ക്കാന്‍ പറഞ്ഞ വാസുവിനെ, വേറെ വര്‍ക്ക് വീസ നല്‍കാം എന്നു പറഞ്ഞ് അന്‍വര്‍ അവിടത്തന്നെ നില്‍ക്കാന്‍ നിര്‍ബന്ധിച്ചു.

പിന്നീട് ഒരു ഖത്തര്‍ പൌരന്റെ സ്പോണ്‍സര്‍ഷിപ്പില്‍ വര്‍ക്ക് വീസ നല്‍കി. ആ ഖത്തര്‍ പൌരനു വലിയൊരു ഫാം ഉണ്െടന്നും, അവിടത്തെ വാട്ടര്‍ടാങ്കര്‍ ഓടിക്കുകയാണ് ജോലി എന്നും പറഞ്ഞായിരുന്നു വീസ നല്‍കിയത്. അതിനായി ആയിരം റിയാലും അന്‍വര്‍ വാസുവിന്റെ കൈയില്‍നിന്നു വാങ്ങി.

ഖത്തറി സ്പോണ്‍സര്‍ വാസുവിനെയും കൂട്ടി ഫാമിലേക്കെന്നു പറഞ്ഞ് പുറപ്പെട്ടു. വളരെ ദൈര്‍ഘ്യമേറിയ യാത്രയായിരുന്നു അത്. വഴിയില്‍ കസ്റംസ് ചെക്ക്പോസ്റുകള്‍ കണ്ടപ്പോഴാണ്, തന്നെ സൌദി അറേബ്യയിലേക്ക് ആണ് കൊണ്ടു പോകുന്നതെന്നു വാസു മനസിലാക്കിയത്. ഒരു വിസിറ്റിംഗ് വീസയുടെ മാത്രം സഹായത്തോടെ വാസുവിനെ സൌദിയിലേക്കു കടത്തുകയായിരുന്നു സ്പോണ്‍സര്‍.

ആ യാത്ര അവസാനിച്ചത് ഒരു വലിയ മരുഭൂമിയുടെ മധ്യത്തായി സ്ഥിതി ചെയ്യുന്ന ഒട്ടകഫാമില്‍ ആയിരുന്നു. അല്പം തണല്‍ കിട്ടുന്ന വിധത്തില്‍ മരങ്ങളോ, വീടുകളോ, ടെന്റുകളോ ഒന്നും ആ ഫാമില്‍ ഇല്ലായിരുന്നു. ഒരു പഴയ വാട്ടര്‍ ടാങ്കറില്‍ പോയി വെള്ളം നിറച്ചുകൊണ്ടു വരിക, ഒട്ടകങ്ങള്‍ വഴി തെറ്റി പോയാല്‍ തിരികെ തെളിച്ചുകൊണ്ടു വരിക, പിന്നെ മറ്റു ഫാമിലെ ജോലികള്‍ എല്ലാം വാസുവിനു ചെയ്യേണ്ടി വന്നു. ഒരു മനുഷ്യജീവിയാണെന്ന പരിഗണന പോലുമില്ലാത്ത മൃഗീയമായ പെരുമാറ്റമായിരുന്നു സ്പോണ്‍സറുടെയും കൂട്ടുകാരുടെയും ഭാഗത്തുനിന്നുണ്ടായത്. നിസാര കാര്യങ്ങള്‍ക്കു പോലും കടുത്ത മര്‍ദനം സഹിക്കേണ്ടി വന്നു. ഒരിക്കല്‍ സ്പോണ്‍സര്‍ ഇരുമ്പ് പൈപ്പു വച്ച് മര്‍ദിച്ചതിനാല്‍ വാസുവിന്റെ ഒരു കൈയിലെ വിരലുകള്‍ തകര്‍ന്നു. തന്നെ തിരികെ നാട്ടിലേക്കു കയറ്റി വിടണം എന്ന് കരഞ്ഞു പറഞ്ഞതിനു കൊടിയ മര്‍ദനമായിരുന്നു സമ്മാനം. വാസുവിന്റെ കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ഫോണ്‍ സ്പോണ്‍സര്‍ തല്ലിപ്പൊട്ടിച്ചതിനാല്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ വഴിയില്ലാതായി. എല്ലാ വിധത്തിലും നരകമായിരുന്നു ആ ഫാമിലെ അടിമജീവിതം.

ഒരു ദിവസം വെള്ളമെടുക്കാന്‍ പോകും വഴി പരിചയപ്പെട്ട പഞ്ചാബിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതായിരുന്നു വാസുവിനു രക്ഷയായത്. തന്റെ അവസ്ഥ വീട്ടുകാരോടു പറഞ്ഞ ശേഷം, എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ വഴിയൊരുക്കാന്‍ വേണ്ടി പരിശ്രമിക്കാന്‍ ആവശ്യപ്പെട്ടു.

പരിഭ്രാന്തരായ വാസുവിന്റെ ഭാര്യയും മകനും പോലീസ് സ്റേഷന്‍ മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ്, വിദേശകാര്യ മന്ത്രി, പ്രധാനമന്ത്രി എന്നിങ്ങനെ കഴിയുന്ന എല്ലായിടത്തും പരാതികള്‍ സമര്‍പ്പിച്ചു. എന്നിട്ടും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. അപ്പോഴാണ് ചില പരിചയക്കാര്‍ വഴി

വാസുവിന്റെ ഭാര്യയും മകനും നവയുഗം ദമാം ഖുദരിയ ഈസ്റ് യൂണിറ്റ് പ്രസിഡന്റ് അഷ്റഫ് തലശേരിയുമായി ബന്ധപ്പെടുന്നത്. തുടര്‍ന്നു അഷ്റഫ് തലശേരിയും നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷിബുകുമാറും വാസുവിനെ കണ്ടുപിടിക്കാന്‍ തുനിഞ്ഞിറങ്ങുകയായിരുന്നു.

ഒരു ദിവസം, വാസു സ്പോണ്‍സറുമൊത്ത് അകലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍, അവിടെ ജോലി ചെയ്തിരുന്ന കാസര്‍ഗോഡുകാരനായ മലയാളിക്കു രഹസ്യമായി സ്വന്തം നാട്ടിലെ ഫോണ്‍ നമ്പര്‍ നല്‍കി വിളിക്കാന്‍ ആവശ്യപ്പെട്ടു. ആ സൂപ്പര്‍ മാര്‍ക്കറ്റുകാരന്‍ വിളിച്ച് പറഞ്ഞ വിവരം വാസുവിന്റെ ഭാര്യ അഷ്റഫ് തലശേരിക്കു കൈമാറുകയായിരുന്നു. കിട്ടിയ വിവരങ്ങള്‍ വച്ച് ഷിബുകുമാറും നവയുഗം പ്രവര്‍ത്തകരും നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ റിയാദില്‍ നിന്നും 250 കിലോമീറ്ററോളം അകലെയുള്ള ഹാറാഥ് എന്ന സ്ഥലത്ത് മരുഭൂമിയുടെ 45 കിലോമീറ്ററോളം ഉള്ളിലായാണു വാസു ജോലി ചെയ്യുന്ന ഫാം ഉള്ളതെന്നു കണ്ടുപിടിക്കുകയും ഷിബുകുമാര്‍ വാസുവുമായി ബന്ധപ്പെടുകയും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ പ്ളാന്‍ ചെയ്ത് പറഞ്ഞു കൊടുക്കുകയും ചെയ്തു. അതു പ്രകാരം, ഒരു ദിവസം രാത്രി മറ്റാരും കാണാതെ വാസു ആ ഫാമില്‍നിന്നു പുറത്തു കടക്കുകയും, മരുഭൂമിയിലൂടെ പോയ ഒരു സൌദി പൌരന്റെ സഹായത്തോടെ കുറച്ചകലെയുള്ള പെട്രോള്‍ പമ്പില്‍ എത്തി ഷിബുകുമാറിനെ ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്നു ഷിബുകുമാറും നവയുഗം പ്രവര്‍ത്തകന്‍ സാക്കീര്‍ ഹുസൈനും ചേര്‍ന്ന് വാസുവിനെ രക്ഷപ്പെടുത്തി ദമാമില്‍ എത്തിക്കുകയായിരുന്നു.

ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ വാസുവിനെ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇനിയും അനേകം ഇന്ത്യക്കാര്‍ ആ മരുഭൂമിയില്‍ പല ഫാമുകളിലായി, തന്നെക്കാളും മോശമായ അവസ്ഥയില്‍ അടിമജീവിതത്തിന്റെ നരകയാതന അനുഭവിച്ചു വരുന്നുണ്െടന്നും അവരെയൊക്കെ രക്ഷിക്കാനുള്ള നടപടികള്‍ അധികാരികള്‍ കൈക്കൊള്ളണം എന്നുമാണു വാസുവിന്റെ അഭ്യര്‍ഥന.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം