സാന്റാ അന്ന ഫൊറോനാ പള്ളിയില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും
Wednesday, June 10, 2015 5:13 AM IST
ലോസ്ആഞ്ചലസ്: സീറോ മലബാര്‍ വിശ്വാസപാരമ്പര്യവും ആചാരങ്ങളും കൂദാശകളും പുതിയ തലമുറയിലേക്കു പകര്‍ന്നു നല്‍കുന്നതിന്റെ ഭാഗമായി സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും മേയ് 31-നു നടത്തി.

ലോസ്ആഞ്ചലസ്, ഓറഞ്ച്, റിവര്‍സൈഡ്, സാന്‍ഡിയാഗോ, സാന്‍ ബര്‍ണാഡിനോ, പാം സ്പ്രിംഗ് എന്നീ കൌണ്ടികളിലായി വ്യാപിച്ചുകിടക്കുന്ന ഇടവകാംഗങ്ങള്‍ പങ്കെടുത്ത പ്രസ്തുത കര്‍മത്തില്‍ മുഖ്യകാര്‍മികനായതു ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടാണ്. ഓറഞ്ച് രൂപതാധ്യക്ഷന്‍ ബിഷപ്പ് കെവിന്‍ വാന്‍ കുര്‍ബാനമധ്യേയുള്ള സന്ദേശം നല്‍കി.

പിതാക്കന്മാരുടെ മുഖ്യ കാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ ഫൊറോന വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കഴി, ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍, ഫാ. മാത്യു മുഞ്ഞനാട്ട്, ഫാ. ബോബി ഷെപ്പേര്‍ഡ് സിഎംഐ, ഫാ. ബിജു മണ്ഡപത്തില്‍ എസ്.വി.ഡി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. സോണി ജോസഫ് എസ്.വി.ഡി, ഫാ. അഞ്ചലസ്, ഫാ. ബിന്‍ വിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ സന്നിഹിതരായിരുന്നു. തിരുക്കര്‍മങ്ങളില്‍ പങ്കുചേരുവാന്‍ പതിനഞ്ചോളം സന്യസ്തരും എത്തിയിരുന്നു.

മിനി രാജു, ബ്രിജിറ്റ് ലാല്‍ എന്നിവരാണു കുട്ടികളെ ആത്മീയമായി ഒരുക്കിയത്. ഈവര്‍ഷം പതിനെട്ടു കുട്ടികളാണു കൂദാശകള്‍ സ്വീകരിച്ചത്. സാംക്രിസ്റി ജോവി തുണ്ടിയില്‍ ദേവാലയ അള്‍ത്താര മനോഹരമായി അലങ്കരിച്ചു.

മതബോധന സ്കൂള്‍ പ്രിന്‍സിപ്പല്‍ ടോമി പുല്ലാപ്പള്ളില്‍, കൈക്കാരന്മാരായ ബിജു ആലുംമൂട്ടില്‍, ബൈജു വിതയത്തില്‍, സ്കൂള്‍ ടീച്ചര്‍മാര്‍, മാതാപിതാക്കള്‍ എന്നിവര്‍ സഹകരിച്ചു ചടങ്ങുകള്‍ മോടിപിടിപ്പിച്ചു. തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ആനന്ദ് കുഴിമറ്റത്തില്‍ നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ സ്നേഹവിരുന്നൊരുക്കിയത് ബെന്നീസ് കേറ്ററിംഗാണ്. മാത്യു കൊച്ചുപുരയ്ക്കല്‍ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ നിയന്ത്രിച്ചു. സജി പിറവം വീഡിയോഗ്രാഫിയും ജയ്സണ്‍ ജേക്കബ് ഫോട്ടോഗ്രാഫിയും നിര്‍വഹിച്ചു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം