ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ സന്ദര്‍ശിക്കും
Wednesday, June 10, 2015 5:13 AM IST
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തൃശൂര്‍ രൂപതാധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത ജൂണ്‍ 13, 14 (ശനി, ഞായര്‍) ദിവസങ്ങളില്‍ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നു.

കത്തീഡ്രല്‍ വര്‍ഷങ്ങളായി നടത്തിവരുന്ന പിക്നിക്ക് ഈവര്‍ഷം സ്കോക്കിയിലുള്ള ലറാമി പാര്‍ക്കില്‍ (5251 ഷെര്‍വിന്‍ അവന്യൂ) വച്ചു ജൂണ്‍ 13-നു (ശനിയാഴ്ച) രാവിലെ ഒമ്പതിനു മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പ്രഭാത ഭക്ഷണത്തോടുകൂടി ആരംഭിക്കുന്ന പിക്നിക്ക് വൈകുന്നേരം അഞ്ചുമണിയോടെ സമാപിക്കും. കത്തീഡ്രല്‍ കുടുംബങ്ങളും അതിഥികളും പങ്കെടുക്കുന്ന പിക്നിക്കില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഫുട്ബോള്‍, ചാക്കിലോട്ടം, വടംവലി തുടങ്ങി വിവിധ കായിക മത്സരങ്ങള്‍ നടക്കുമെന്ന് പിക്നിക്ക് കോ-ഓര്‍ഡിനേറ്റേഴ്സായ ഫിലിപ്പ് ജോസഫ്, വിന്‍സി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

ജൂണ്‍ 14-നു ഞായറാഴ്ച രാവിലെ ഒമ്പതിനു പ്രഭാതനമസ്കാരവും, തുടര്‍ന്നു വിശുദ്ധ കുര്‍ബാന ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ് സഹകാര്‍മികത്വം വഹിക്കും. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം