ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍
Wednesday, June 10, 2015 5:12 AM IST
ഷിക്കാഗോ: ഫൊറോനയായി ഉയര്‍ത്തപ്പട്ട ശേഷം ആദ്യമായി നടത്തപ്പെടുന്ന പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാള്‍ ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ 12 മുതല്‍ 14 വരെ ഭക്തിപൂര്‍വം ആഘോഷിക്കുന്നു.

ജൂണ്‍ 12, വെള്ളി വൈകുന്നേരം 6.30-നു ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ മാര്‍ അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായ മോണ്‍. അഗസ്റിന്‍ പാലയ്ക്കപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കുന്നതാണ്. സേക്രഡ് ഹാര്‍ട്ട് യൂത്ത് കൊയറാണ് ഇംഗ്ളീഷ് ഗാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്നത്. ഇതേ തുടര്‍ന്ന് എല്ലാ മതബോധന സ്കൂള്‍ കുട്ടികളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വാര്‍ഷിക കലോത്സവം ഉണ്ടായിരിക്കും.

ജൂണ്‍ 13 ശനി (വൈകുന്നേരം) 5.30-നു തുടങ്ങുന്ന പാട്ടുകുര്‍ബാന, പ്രസുദേന്തി വാഴ്ച, കപ്ളോന്‍ വാഴ്ച എന്നീ തിരുക്കര്‍മങ്ങള്‍ക്കുശേഷം, സേക്രഡ് ഹാര്‍ട്ട് കൂടാരയോഗങ്ങളും, സെന്റ് മേരീസ് ഇടവകയും അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. വികാരി ജനറാളും സെന്റ് മേരീസ് ക്നാനായ ഇടവക വികാരിയുമായ മോണ്‍. തോമസ് മുളവനാല്‍ മുഖ്യകാര്‍മികനാകുന്ന വിശുദ്ധ കുര്‍ബാനയില്‍, റവ. ഫാ. സാബു മാലിത്തുരുത്തേല്‍ വചനസന്ദേശം നല്‍കും. സെന്റ് മേരീസ് ഗായകസംഘമാണ് ആത്മീയഗാനശുശ്രൂഷകള്‍ നയിക്കുന്നത്.

പ്രധാന തിരുനാള്‍ദിവസമായ ജൂണ്‍ പതിനാലാം തീയതി (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 3:00 മുതല്‍ ആരഭിക്കുന്ന ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാനയ്ക്ക്, ഫാ. സാബു മാലിത്തുരുത്തേല്‍ മുഖ്യകാര്‍മികത്വം വഹിക്കുകയും അസി. വികാരി ഫാ. സുനി പടിഞ്ഞാറേക്കര വചനസന്ദേശം നല്‍കുകയും ചെയ്യും. അന്നേ ദിവസം ഗാനശുശ്രൂഷകള്‍ക്ക് സേക്രഡ് ഹാര്‍ട്ട് ഗായകസംഘം നേതൃത്വം നല്‍കുന്നതായിരിക്കും. തുടര്‍ന്ന് വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങല്‍ വഹിച്ചുകൊണ്ടും, വിവിധ ട്രൂപ്പുകളുടെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി, നൂറിലേറെ മുത്തുക്കുടകളും, കൊടികളും സംവഹിച്ചുകൊണ്ടൂള്ള വര്‍ണപ്പകിട്ടാര്‍ന്ന തിരുന്നാള്‍ പ്രദക്ഷിണവും ഉണ്ടായിരിക്കും.
സെന്റ് സ്റീഫന്‍, ഹോളി ഫാമിലി കൂടാരയോഗാംഗങ്ങളാണു തിരുനാളിന്റെ പ്രസുദേന്തിമാര്‍. തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത്, ഈശോയുടെ തിരുഹൃദയത്തിന്റെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി ഫാ. സുനി പടിഞ്ഞാറേക്കര എന്നിവര്‍ തിരുഹൃദയ ദൈവാലയത്തിലേക്കു ക്ഷണിക്കുന്നു.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍ കിഴക്കനടി