കലാ-സാംസ്കാരിക രംഗത്തെ പമ്പയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: പ്രഫ. ചന്ദ്രദാസന്‍
Tuesday, June 9, 2015 6:05 AM IST
ഫിലാഡല്‍ഫിയ: ഫുള്‍ ബ്രൈറ്റ് നെഹ്റൂസ് സ്കോളര്‍ഷിപ്പില്‍ ആറു മാസത്തെ നാടക പഠനത്തിന് അമേരിക്കയിലെത്തിയ പ്രഫ. ചന്ദ്രദാസനു പമ്പ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി.

പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വീകരണ യോഗത്തിലും നാടകാസ്വാദന ചര്‍ച്ചയിലും ഫിലാഡല്‍ഫിയായിലെ നാടക പ്രേമികള്‍ ഉത്സാഹപൂര്‍വം പങ്കെടുത്തു. സുധാ കര്‍ത്ത സ്വാഗതം ചെയ്തു.

കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോക ധര്‍മി തീയേറ്റഴ്സിനു നേതൃത്വം കൊടുക്കുന്ന പ്രഫ. ചന്ദ്രദാസ് സംവിധാനം ചെയ്തു. ഇന്ത്യയില്‍ നിരവധി സ്റേജുകളില്‍ അവതരിപ്പിച്ച കര്‍ണഭാരം എന്ന നാടകത്തിന്റെ വീഡിയോ പ്രദര്‍ശനത്തിനുശേഷം നടന്ന ചര്‍ച്ചയില്‍ ആധുനിക ഉത്തരാധുനിക നാടകങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ലോകത്തിലെ ഏറ്റവും പ്രാചീന കലാരൂപമായ നാടകത്തിനു കേരളത്തില്‍ വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ലെന്നും തരംതാണ സിനിമയും സീരിയലുകളും കേരളത്തിലെ സാംസ്കാരിക രംഗം അടക്കി വാഴുകയാണെന്നും എന്നാല്‍ ഇത് താത്കാലികമാണെന്നും നല്ല കലാരൂപങ്ങള്‍ എന്നും നിലനില്‍ക്കുമെന്നും അതിന്റെ സൂചനകള്‍ നാടക രംഗത്തു കണ്ടു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ ഈ രംഗത്തേക്കു താത്പര്യപൂര്‍വം കടന്നു വരുന്നത് നാടകരംഗത്തെ പുതിയ മാറ്റത്തിനു വഴി തെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാടക ചര്‍ച്ചയില്‍ അവിചാരിതമായി എത്തിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകറും മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി പി.എസ്. ശ്രീകുമാറും കൂടിയായപ്പോള്‍ ചര്‍ച്ചയ്ക്കും പുത്തന്‍ ഉണര്‍വുണ്ടായി. കേരളത്തില്‍ സാംസ്കാരിക വകുപ്പ് സെക്രട്ടറിയായിരുന്നപ്പോള്‍ സംസ്ഥാന നാടകോത്സവം സംഘടിപ്പിച്ചതിന്റെ അനുഭവങ്ങള്‍ ബിജു പ്രഭാകര്‍ വിശദീകരിച്ചു. പമ്പ മലയാളി അസോസിയേഷന്‍ സെപ്റ്റംബറില്‍ സംഘടിപ്പിക്കുന്ന മനീഷി ദേശീയ നാടകോത്സവത്തിന് അവര്‍ ആശംസകള്‍ നേര്‍ന്നു.

നാടകാസ്വാദന ചര്‍ച്ചയില്‍ സംവിധായകനും അഭിനേതാവുമായ മനോജ് ലാമണ്ണില്‍, നാടക പ്രേമികളായ സിറാജ് ആര്യങ്കാല, ജോര്‍ജ് ജോസഫ്, സജി കരിംകുറ്റിയില്‍, ജോബി ജോര്‍ജ്, ബോബി ജേക്കബ്, തോമസ് പോള്‍, റജി ജേക്കബ്, അനൂപ്, വി.വി. ചെറിയാന്‍, ഡൊമിനിക്ക് ജോസഫ്, കോര ഏബ്രഹാം, ഫിലിപ്പോസ് ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു. പമ്പ ജനറല്‍ സെക്രട്ടറി അലക്സ് തോമസ് നന്ദി പറഞ്ഞു.