'അഹലന്‍ യാ റമദാന്‍' സംഘടിപ്പിച്ചു
Tuesday, June 9, 2015 6:03 AM IST
ഖൈത്താന്‍: റമദാന്‍ മാസത്തില്‍ സ്രഷ്ടാവിലേക്കു കൂടുതല്‍ അടുക്കാന്‍ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാവണമെന്നു പ്രമുഖ ഇസ്ലാമിക പണ്ഡിതനും ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹായുദ്ദീന്‍ നദവി ആഹ്വാനം ചെയ്തു.


ദാറുല്‍ ഹുദാ കുവൈറ്റ് കമ്മിറ്റി സംഘടിപ്പിച്ച അഹലന്‍ യാറമദാന്‍ പരിപാടിയില്‍ ഉദ്ബോധന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ദാറുല്‍ ഹുദാ നടത്തുന്ന വിദ്യാഭ്യാസ പുരോഗമന പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും അദ്ദേഹം വിശദീകരിച്ചു. ലോകത്തെ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തനം കാഴ്ചവച്ച് പ്രബോധന വഴികളില്‍ യുവ പണ്ഡിതരെ സമര്‍പ്പിക്കാന്‍ ദാറുല്‍ ഹുദയ്ക്കു കഴിഞ്ഞതായി ഡോ. നദവി സമര്‍ഥിച്ചു.

കുഞ്ഞഹമ്മദ് കുട്ടി ഫൈസി അധ്യക്ഷത വഹിച്ച പരിപാടിയില്‍ സയിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫര്‍വാനിയ ഗവര്‍ണറേറ്റിലെ സീനിയര്‍ അഡ്വൈസര്‍ ഡോ. അലി ഹംദാന്‍ അല്‍ദീഹാനി മുഖ്യാതിഥിയായിരുന്നു. ഷംസുദ്ദീന്‍ ഫൈസി (ഇസ്ലാമിക് കൌണ്‍സില്‍), ഷറഫുദ്ദീന്‍ കണ്ണെത്ത് (കെഎംസിസി), സിദ്ദീഖ് വലിയകത്ത് (ഫിമ), ഇബ്രാഹിം കുന്നില്‍ (കെകെഎംഎ), ഡോ. ഗാലിബ് അല്‍ മശ്ഹൂര്‍ (അഡ്വൈസര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

പ്രമുഖ വാഗ്മിയും അബുദാബി ബ്രിട്ടീഷ് സ്കൂള്‍ ഇസ്ലാമിക് വിഭാഗം തലവനുമായ സിംസാറുല്‍ ഹഖ് ഹുദവി പരിപാടിയില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

സമ്മേളനത്തോടനുബന്ധിച്ചു പുറത്തിറക്കിയ സപ്ളിമെന്റ് പ്രകാശനം ഡോ. ബഹായുദ്ധീന്‍ നദവി നിര്‍വഹിച്ചു, മുഹമ്മദ് സഹീര്‍ തൃശൂര്‍ സപ്ളിമെന്റ് ഏറ്റുവാങ്ങി. ദാറുല്‍ ഹുദാ ഓഫ് കാമ്പസിനെ കുറിച്ചുള്ള ഹ്രസ്വ വീഡിയോ പ്രദര്‍ശനം ദാറുല്‍ ഹുദായുടെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി മനസിലാക്കുന്നതായിരുന്നു. ഇസ്മായില്‍ ഹുദവി സ്വാഗതവും ഹംസ കരിങ്കപ്പാറ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍