സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിഷേധ യോഗം ജൂണ്‍ 14ന്
Tuesday, June 9, 2015 5:55 AM IST
ഹൂസ്റണ്‍: ഹൂസ്റണിലും സമീപ പ്രദേശങ്ങളായ മിസോറി സിറ്റി, ഷുഗര്‍ലാന്‍ഡ്, സ്റാഫോര്‍ഡ് എന്നിവിടങ്ങളിലും താസമിക്കുന്ന ഇന്ത്യന്‍ സമൂഹത്തെ പ്രത്യേകിച്ച് മലയാളികളുടെ വീടുകളെ ലക്ഷ്യമാക്കി നടക്കുന്ന ക്രൂരവും നന്ദ്യവുമായ മോഷണ പരമ്പരകളെ ശക്തിയായി അപലപിക്കാനായി സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ എല്ലാ മലയാളി സംഘടനകളെയും പങ്കെടുപ്പിച്ചു പ്രതിഷേധ യോഗം നടത്തുന്നു.

ജൂണ്‍ 14നു (ചൊവ്വ) വൈകുന്നേരം 4.30ന് മിസോറി സിറ്റിയിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററില്‍ (2210 സ്റാഫോര്‍ഡ് ഷെയര്‍) ആണു യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

ആശങ്കാകുലരായ മലയാളിസമൂഹം പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റു ബന്ധപ്പെട്ട അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു പരിഹാരനടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണു യാഥാര്‍ഥ്യം. ഇതു കുറ്റകരമായ അനാസ്ഥയാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ബാധ്യതയുണ്ട്. എന്നാല്‍, അക്രമികളുടെയും പരാതിക്കാരുടെയുമൊക്കെ ഇടയില്‍ വെറും നോക്കുകുത്തികളായി നില്‍ക്കുകയാണു നിയമപാലകര്‍ എന്ന ആക്ഷേപം ശക്തമാണിപ്പോള്‍.

പ്രതിഷേധ യോഗത്തില്‍ വിവിധ സിറ്റികളിലെ പോലീസ് ചീഫുമാരും ജന പ്രതിനിധികളും കോണ്‍സല്‍മാന്‍മാരുമെല്ലാം പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: ബേബി മണക്കുന്നേല്‍ 713 291 9721, ജിജു കുളങ്ങര 281 709 5433, സുരേന്ദ്രന്‍ കോരന്‍ 832 274 7507, എബി തത്തംകുളം 832 607 0111, അനില്‍ ആറന്മുള 713 882 7272, ജോര്‍ജ് എം. കാക്കനാട്ട് 281 723 8520.