ഗാര്‍ഹികത്തൊഴിലാളി നിയമനത്തിനു പുതിയ കമ്പനി വരുന്നു
Tuesday, June 9, 2015 5:05 AM IST
കുവൈറ്റ്: വീട്ടുജോലിക്കാര്‍ക്കായുള്ള നിയമനത്തിനു കമ്പനി രൂപവത്കരിക്കാന്‍ തത്ത്വത്തില്‍ തീരുമാനമായതായി ധനകാര്യസമിതി സെക്രട്ടറി മുഹമ്മദ് അല്‍ ജാബ്രി എംപി അറിയിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി നടന്ന നിരന്തര ചര്‍ച്ചകളുടെ ഭാഗമായാണു പാര്‍ലമെന്റിലെ ധനകാര്യസമിതിയും സര്‍ക്കാരും തമ്മില്‍ ധാരണയായത്. ഗാര്‍ഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു പ്രത്യേക കമ്പനി വേണമെന്ന നിര്‍ദേശം പല തട്ടുകളിലായി പ്രതിബന്ധം നേരിടുന്നതിനിടെ ഇപ്പോഴുണ്ടായ ധാരണ താമസിയാതെ കമ്പനി യാഥാര്‍ഥ്യമാകുമെന്ന സൂചനയാണു നല്‍കുന്നത്. കുവൈത്തിലെതന്നെ വിവിധ അഥോറിറ്റികളും യൂണിയനുകളും നിര്‍ദിഷ്ട കമ്പിനിയുടെ രൂപവത്കരണത്തില്‍ സഹകരിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ യശസിനു കളങ്കം വരാത്ത രീതിയില്‍ ഇസ്ലാമിക ശരീഅത്ത് വ്യവസ്ഥകള്‍ക്കനുസരിച്ചായിരിക്കും പുതിയ സംവിധാനം നിലവില്‍ വരികയെന്ന് കരുതപ്പെടുന്നു. നിലവില്‍ കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാര്‍ഹികത്തൊഴിലാളി ഓഫീസ് ഉടമകള്‍ക്കു പുതിയ കമ്പനിയില്‍ ഓഹരിപങ്കാളിത്തം നല്‍കില്ല. ലാഭേച്ഛ കൂടാതെയാകും പുതിയ കമ്പനിയുടെ പ്രവര്‍ത്തനം. വിദേശങ്ങളില്‍നിന്നു ഗാര്‍ഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തുക ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണു മിതമായ ചെലവില്‍ ഗാര്‍ഹികത്തൊഴിലാളികളെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കമ്പനി രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍