ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥിയായി വിനോദ് കൊണ്ടൂര്‍ ഡേവിഡിനെ നാമനിര്‍ദേശം ചെയ്തു
Monday, June 8, 2015 5:34 AM IST
മിഷിഗണ്‍: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ 2016- 18 ഭരണസമിതിയില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥിയായി മിഷിഗണില്‍നിന്നുള്ള യുവ നേതാവ് വിനോദ് കൊണ്ടൂര്‍ ഡേവിഡിനെ നാമനിര്‍ദേശം ചെയ്തു.

ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ (ഡിഎംഎ) മുന്‍ പ്രസിഡന്റും ഫോമായിലെ മുതിര്‍ന്ന നേതാവും അവിഭക്ത ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന മാത്യൂസ് ചെരുവിലും ഡിഎംഎ പ്രസിഡന്റ് റോജന്‍ തോമസും മറ്റു കമ്മിറ്റി അംഗങ്ങളും,എക്സിക്യൂട്ടീവ് കമ്മിറ്റിയും ഐക്യകണ്ഠേനയാണു വിനോദിനെ നാമനിര്‍ദേശം ചെയ്തത്. മുന്‍ റീജണല്‍ വൈസ് പ്രസിഡന്റ് രാജേഷ് നായര്‍, മുന്‍ നാഷണല്‍ കമ്മിറ്റി മെംബര്‍ സുനില്‍ ശിവരാമന്‍ തുടങ്ങിയവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു. ഫോമ നാഷണല്‍ കമ്മിറ്റി മെംബറും, ന്യൂസ് ടീം ചെയര്‍മാനുമാണു വിനോദ്.

ഫോമാ ഗ്രേറ്റ് ലേക്സ് റീജിയണിലെ അംഗസംഘടനകളായ കേരള ക്ളബ്, ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍, മിഷിഗണ്‍ മലയാളി അസോസിയേഷന്‍, മിനസോട്ട മലയാളി അസ്സോസിയേഷന്‍ എന്നീ സംഘടനകളുടെ പൂര്‍ണ പിന്തുണയോടെയാണു വിനോദ് ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥിയായി നില്‍ക്കുന്നത്. ഡിഎംഎ പ്രസിഡന്റ് റോജന്‍ തോമസ്, കേരള ക്ളബ് പ്രസിഡന്റ് ജോസ് ലൂക്കോസ്, എംഎംഎ പ്രസിഡന്റ് ജോസ് ചാഴിക്കടന്‍, മിനസോട്ട മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് നായര്‍ എന്നിവര്‍ അദ്ദേഹത്തിനു എല്ലാവിധ പിന്തുണയും ആശംസകളും നേര്‍ന്നു.

2013ല്‍ ന്യൂജേഴ്സിയില്‍വച്ചു നടത്തിയ ഫോമായുടെ പ്രൊഫഷണല്‍ സമ്മിറ്റ് വന്‍ വിജയമായതിന്റെ പിന്നിലും വിനോദിന്റെ കരങ്ങളുണ്ട്. ജനോപകാര പ്രവര്‍ത്തനങ്ങളിലൂടെ ഫോമയെ കരുത്തുള്ള സംഘടനയാക്കി മാറ്റി കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കുകയും, അതുവഴി ജനങ്ങളെ, പ്രത്യേകിച്ചു യുവാക്കളെ, ഫോമയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുക എന്നതായിരിക്കും തന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നെന്ന് വിനോദ് പറഞ്ഞു. ഫോമയില്‍ തുടക്കക്കാരനായതുകൊണ്ടു മുതിര്‍ന്ന നേതാക്കളുടെ പിന്തുണ അദ്ദേഹം അഭ്യര്‍ഥിച്ചു. വിനോദിനെപ്പോലെയുള്ള യുവാക്കളാണ് ഇനി ഫോമയുടെ നേതൃത്വനിരയിലേക്കു വരേണ്ടതെന്നും ഇപ്പോഴത്തെ ഭരണസമിതി അതിനു തുടക്കമിട്ടതു പ്രശംസനീയമാണെന്നും ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റും കേരള ക്ളബ് പ്രസിഡന്റുമായ ജോസ് ലൂക്കോസ് പള്ളികിഴക്കേതില്‍ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനത്തിലേക്കു വന്ന വിനോദ് ഇപ്പോള്‍ മിഷിഗണില്‍ ഫിസിക്കല്‍ തെറാപ്പിസ്റായി പ്രവര്‍ത്തിച്ചു വരുന്നു. അതോടൊപ്പം നോര്‍ത്ത് അമേരിക്കയിലെ മലയാളി ഫിസിക്കല്‍ തെറാപ്പിസ്റുകളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കാനും അദ്ദേഹം ഒരു വലിയ പങ്കു വഹിക്കുന്നു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ