ഫിലാഡല്‍ഫിയയില്‍ ഫാ. ഷാജി തുമ്പേച്ചിറയില്‍ നയിക്കുന്ന 'ആത്മ സങ്കീര്‍ത്തനം 2015'
Saturday, June 6, 2015 8:49 AM IST
ഫിലാഡല്‍ഫിയ: ആത്മാവിനെ തൊട്ടുണര്‍ത്തുന്ന സംഗീതവുമായി രണ്ടായിരത്തിലധികം ക്രിസ്തീയ ഗാനങ്ങള്‍ക്ക് രൂപവും ഈണവും നല്‍കിയ അനുഗ്രഹീത ക്രിസ്തീയ ഗാനരചയിതാവും ഗായകനുമായ ഫാ. ഷാജി തുമ്പേച്ചിറയിലിന്റെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടെ തിരുനാളിനോടനുബന്ധിച്ച് ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 'ആത്മസങ്കീര്‍ത്തനം 2015' ജൂലൈ മൂന്നിനു (വെള്ളി) വൈകുന്നേരം 7.30 മുതല്‍ നടക്കും.

കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തിനു പുത്തന്‍ ഉണര്‍വും, അഭിഷേകവും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്ട്രിയുടെ ക്ഷണപ്രകാരമാണ് ഫാ. ഷാജി ആദ്യമായി അമേരിക്കയില്‍ എത്തുന്നത്. പരിശുദ്ധാത്മാവിന്റെ പ്രേരണയില്‍ ആയിരക്കണക്കിനു ക്രിസ്തീയഗാനങ്ങള്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് ഒഴുകിവന്നു. ലക്ഷക്കണക്കിന് വിശ്വാസികള്‍ ലോകമെമ്പാടും ഹൃദയത്തില്‍ ഏറ്റുവാങ്ങിയ അമ്മേ അമ്മേ തായേ...., നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍..., അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തീര്‍ന്നിട്ടില്ല...., രക്തക്കോട്ട തിരുരക്തക്കോട്ട...., ഓര്‍മ്മവച്ച നാള്‍ മുതല്‍...., എന്റെ അമ്മയെ ഓര്‍ക്കുമ്പോള്‍.... തുടങ്ങിയ അനേകം ഗാനങ്ങള്‍ ഫാ. ഷാജിയുടെ കൈകളിലൂടെ ഒഴുകിവന്നതാണ്. ദൈവം വരദാനങ്ങളാല്‍ അത്ഭുതകരമായി അനുഗ്രഹിച്ച ബ്രദര്‍ മാര്‍ട്ടിന്‍ മഞ്ഞപ്പാറ ക്രിസ്തീയ ഗാനരംഗത്ത് അറിയപ്പെടുന്ന ശുശ്രൂഷകനാണ്. മാര്‍ട്ടിന്റെ ഹൃദയത്തില്‍ നിന്ന് ഒഴുകിവന്ന ജനലക്ഷങ്ങള്‍ ഏറ്റുവാങ്ങിയ ഉണര്‍വിന്‍ കൊടുങ്കാറ്റേ..., ആത്മാവേ അഗ്നിയായ് നിറയണമേ..., ആരാധിക്കും എന്റെ ദൈവത്തെ ഞാന്‍... തുടങ്ങിയ ഗാനങ്ങളൊക്കെ മാര്‍ട്ടിന്റെ സ്വരമാധുരിയില്‍ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്.

ക്രിസ്തീയ ഗാനരംഗത്ത് വ്യത്യസ്തമായ ശബ്ദത്തിന്റേയും ഈണത്തിന്റേയും ഉടമകളായ ഫാ. ഷാജി തുമ്പേചിറയിലിന്റേയും ബ്രദര്‍ മാര്‍ട്ടിന്‍ മഞ്ഞപ്പാറയുടേയും നേതൃത്വത്തില്‍ നടക്കുന്ന 'ആത്മസങ്കീര്‍ത്തനം 2015' ശുശ്രൂഷയിലേക്ക് സഭാവ്യത്യാസമെന്യേ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. ജോണിക്കുട്ടി പുലിശേരി (വികാരി) 916 803 5307, സണ്ണി പടയാട്ടില്‍ (ട്രസ്റി) 215 913 8605, ഷാജി മിറ്റത്താനി (ട്രസ്റി) 215 715 3074, ബ്രദര്‍ ഡൊമിനിക് പി.ഡി (215 971 3319).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം