അബുദാബി മലയാളി സമാജം പരിസ്ഥിതി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു
Saturday, June 6, 2015 8:42 AM IST
അബുദാബി മലയാളി സമാജം ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

മലയാളി സമാജം വനിതാ വിഭാഗം കണ്‍വീനര്‍ ലിജി ജോബീസിന്റെ നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ എക്സി ബിഷനില്‍ ഏറ്റവും നല്ല പ്രോജക്ടിനുള്ള ഒന്നാം സമ്മാനം അഫ്രീന്‍ നിസാം കരസ്ഥമാക്കി. ചിത്ര രചനാമത്സരത്തില്‍ ആറു വയസിനു താഴെയുള്ളവരുടെ വിഭാഗത്തില്‍ ടെസ, (6-9) വിഭാഗത്തില്‍ സാന്ദ്ര നിഷാന്‍ റോയ്, (9-12) വിഭാഗത്തില്‍ അരവിന്ദ് ജയപ്രകാശ്, (12-15) വിഭാഗത്തില്‍ റിതു രാജേഷ് എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

യുഎഇ എക്സ്ചേഞ്ച് പ്രതിനിധിയും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ വിനോദ് നമ്പ്യാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് യേശുശീലന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആദ്യം രജിസ്റര്‍ ചെയ്ത 150 കുടുംബങ്ങള്‍ക്കുള്ള പച്ചക്കറി തൈകളുടെ വിതരണം സമാജം ചീഫ് കോഓര്‍ഡിനറ്റര്‍ എ.എം. അന്‍സാര്‍, സമാജം കലാ വിഭാഗം സെക്രട്ടറി അബ്ദുള്‍ ഖാദര്‍ തിരുവത്ര എന്നിവര്‍ നിര്‍വഹിച്ചു.

സമാജം സാഹിത്യ വിഭാഗം സെക്രട്ടറി സിര്‍ജ്ജന്‍, അജാസ്, ഉമ്മര്‍ നാലകത്ത്, സുരേഖ ദിലീപ്, അപര്‍ണ സന്തോഷ് എന്നിവര്‍ അണിയിച്ചൊരുക്കിയ 'ഒരു തൈ നടാം അമ്മക്കുവേണ്ടി' എന്ന സ്കിറ്റ് വന്‍ കരഘോഷത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.

യോഗത്തില്‍ മഹബൂബ് അലി, സുധീഷ് ഗുരുവായൂര്‍, ഫൈസല്‍ ബാവ, രാജീവ് മുളന്‍കുഴ എന്നിവര്‍ സംസാരിച്ചു. വനിതാ വിഭാഗം കണ്‍വീനര്‍ ലിജി ജോബീസ് സ്വാഗതവും വനിതാ വിഭാഗം കോഓര്‍ഡിനേറ്റര്‍ യമുന ജയലാല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള