ഷട്ടര്‍ അറേബ്യ ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു
Saturday, June 6, 2015 8:37 AM IST
റിയാദ്: ഫോട്ടോഗ്രാഫി ഒരു ഹോബിയായി സ്വീകരിച്ച പ്രവാസികളുടെ കൂട്ടായ്മയായ ഷട്ടര്‍ അറേബ്യ അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റുമായി സഹകരിച്ചു നടത്തുന്ന ഫോട്ടോ പ്രദര്‍ശനം കഴിഞ്ഞ ദിവസം റിയാദ് അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഹാളില്‍ ആരംഭിച്ചു.

പ്രദര്‍ശനത്തിന്റെ ഉദ്ഘാടന കര്‍മ്മം വ്യാഴാഴ്ച വൈകുന്നേരം അല്‍ മദീന ഡയറക്ടറും ഷാര്‍ജ കണ്ണൂര്‍ കെഎംസിസി ട്രഷററുമായ അഷ്റഫ് പൊയില്‍ നിര്‍വഹിച്ചു. വൈകുന്നേരം ആറു മുതല്‍ രാത്രി 11 വരെയുള്ള പ്രദര്‍ശനം ജൂണ്‍ 13 വരെ നീണ്ടു നില്‍ക്കും. പ്രവാസ ജീവിതത്തിനിടയിലും നാട്ടിലെ അവധി സമയത്തും ഷട്ടര്‍ അറേബ്യയിലെ ഇരുപത്തഞ്ചോളം യുവ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ആകര്‍ഷകങ്ങളായ നൂറു കണക്കിനു ഫോട്ടോകള്‍ പ്രദര്‍ശനത്തിനുള്ളതായി സംഘാടകര്‍ പറഞ്ഞു.

ഉദ്ഘാടനചടങ്ങില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് സിഇഒ നാസര്‍ അബൂബക്കര്‍, മാനേജര്‍മാരായ ഷിഹാബ് കൊടിയത്തൂര്‍, ഷാജി ആലപ്പുഴ, ഷട്ടര്‍ അറേബ്യയുടെ നൌഷാദ് കിളിമാനൂര്‍, സുനില്‍ ബാബു എടവണ്ണ, നവാസ് ഓപ്പീസ്, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ ടിജി ജേക്കബ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് ഫോട്ടോ എടുത്തു നല്‍കാനുള്ള സ്റുഡിയോയും പ്രദര്‍ശന ഹാളില്‍ ഒരുക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍