അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് സാന്റാ അന്നയില്‍ വരവേല്‍പു നല്‍കി
Saturday, June 6, 2015 3:43 AM IST
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍ മാര്‍ ജോയി ആലപ്പാട്ടിനും, ബിഷപ് കെവിന്‍ വാനും ഇടവക സമൂഹം ഹൃദ്യമായ സ്വീകരണം നല്കി.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് രൂപതയുടെ സഹായമെത്രാനായതിനുശേഷം ആദ്യമായി ഇടവക സന്ദര്‍ശിക്കുന്ന അഭിവന്ദ്യ ആലപ്പാട്ട് പിതാവിനും, ഓറഞ്ച് രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് കെവിന്‍ വാനേയും ഫൊറോനാ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ സ്വീകരിച്ചു.

കൈക്കാരന്മാരായ ബിജു ആലുംമൂട്ടില്‍ ആലപ്പാട്ട് പിതാവിനും, ബൈജു വിതയത്തില്‍ കെവിന്‍ പിതാവിനും പൂച്ചെണ്ടുകള്‍ നല്‍കി. ഫാ. മാത്യു മുഞ്ഞനാട്ട്, ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍, ഫാ. സോണി ജോസഫ് എസ്.വി.ഡി, ഫാ. ബിജു മണ്ഡപത്തില്‍ എസ്.വി.ഡി, ഫാ. ബോബി ഷെപ്പേര്‍ഡ് സി.എം.ഐ എന്നിവരും ഇരുപതോളം സന്യസ്തരും സ്വീകരണ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കേരളത്തനിമയില്‍ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ഇടവകയിലെ യുവതികളും കുട്ടികളും താലപ്പൊലിയേന്തി വരവേറ്റത് ബിഷപ്പ് കെവിനും, സെക്രട്ടറി ഫാ. ബിന്‍ വിന്നിനും പുതിയ അനുഭവമായിരുന്നു.

ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ-സ്ഥൈര്യലേപന കൂദാശകളില്‍ കാര്‍മികത്വം വഹിക്കുന്നതിനാണ് അഭിവന്ദ്യ പിതാക്കന്മാര്‍ എത്തിയത്. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം