വൈവിധ്യങ്ങളായ പരിപാടികളൊരുക്കി ഡിസ്പാക് അവാര്‍ഡ് നൈറ്റ് സംഘടിപ്പിച്ചു
Friday, June 5, 2015 7:59 AM IST
ദമാം: വിദ്യാര്‍ഥികളുടെ വൈവിധ്യങ്ങള്‍ നിറഞ്ഞ കലാപരിപാടികള്‍ കോര്‍ത്തിണക്കി ദമാം ഇന്ത്യന്‍ സ്കൂള്‍ പാരന്റസ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ (ഡിസ്പാക്ക്) സംഘടിപ്പിച്ച അവാര്‍ഡുദാന പരിപാടി വ്യത്യസ്താനുഭവമായി മാറി.

പ്രമുഖ സാമൂഹിക-സംസ്കാരിക പ്രവര്‍ത്തകനും തിരുവനന്തപുരം മാജിക് അക്കാഡമി ചെയര്‍മാനുമായ പ്രഫ. ഗോപിനാഥ് മുതുകാടിന്റെ സാന്നിധ്യം പരിപാടിയെ മികവുറ്റതാക്കി. ദമാം ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതി ചെയര്‍മാന്‍ ഡോ. കെ. അബ്ദുസലാം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

കൂടുതല്‍ സൌകര്യപ്രദമായ സ്ഥലം കണ്െടത്തി ഏറ്റവും നല്ല ആധുനിക സൌകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മികച്ച വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യമാണു പുതിയ ഭരണ സമിതിക്കുള്ളതെന്നു ഡോ. അബ്ദുസലാം പറഞ്ഞു. ഇതിന് എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും സഹകരണവും ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.

നാളെയുടെ കാവല്‍ക്കാരാവേണ്ട സമൂഹമാണു നമ്മുടെ കൂട്ടികള്‍, അവര്‍ക്കു നമ്മുടെ ചരിത്രവും വര്‍ത്തമാനവും നിറഞ്ഞ അറിവുകള്‍ പകര്‍ന്നു നല്‍കേണ്ടതുണ്ട്. എങ്കിലേ അവരെ കരുത്തുറ്റ സമൂഹമായി ഉയര്‍ത്തി ക്കൊണ്ടുവരുവാന്‍ നമുക്കു സാധിക്കുകയുള്ളുവെന്ന് ആമുഖമായി സൂചിപ്പിച്ചുകൊണ്ടാണ് ചടങ്ങില്‍ മുഖ്യാതിഥി പങ്കെടുത്ത പ്രഫ. മുതുകാട് പ്രഭാഷണത്തിനു തുടക്കംകുറിച്ചത്. ആത്മവിശ്വാസം, സ്വഭാവം, ആത്മാര്‍ഥത, പരിശ്രമം തുടങ്ങിയ പ്രധാനപ്പെട്ട നാലു ഘടകങ്ങളാണു കുട്ടികള്‍ക്കു നാം സമ്മാനിക്കേണ്ടതെന്ന് ഉദാഹരണ സഹിതം രക്ഷിതാക്കളെ മുതുകാട് ഉണര്‍ത്തി. മദ്യവും മയക്കുമരുന്നു പോലെയുള്ള സദാചാര പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഇളംതലമുറയില്‍ പ്രകടമാവുന്നത് ആശങ്കയുള്ളവാക്കുന്നതാണ്. ഇതിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കേണ്ടതുണ്െടന്ന് ആഹ്വാനം ചെയ്താണു സദസിനെ ഏറെ ആകര്‍ഷിച്ച മുതുകാട് തന്റെ പ്രഭാഷണത്തിനു വിരാമം നല്‍കിയത്.

ദമാം ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ. മുഹമ്മദ് ഷാഫിയെ ഡിസ്പാക്കിന്റ് മെമെന്റോ നല്‍കി പ്രഫ. മുതുകാട് ആദരിച്ചു. കൂടാതെ സ്കൂളിന്റെ വൈസ് പ്രിന്‍സിപ്പള്‍, ഹെഡ്മിസ്ട്രസ്, ഹെഡ്മാസ്റര്‍ എന്നിവര്‍ക്കും ഡിസ്പാക്കിന്റെ മെമെന്റൊ സമ്മാനിച്ചു. ഡിസ്പാക്കിന്റെ പ്രഥമ മാധ്യമ അവാര്‍ഡിനു മുജീബ് കളത്തില്‍ (ജയ്ഹിന്ദ് ടിവി) അര്‍ഹനായി. സ്കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റഷീദ് ഉമ്മര്‍, ഫ്രാന്‍സിസ്, പി.എം. നജീബ്, കെ.എം. ബഷീര്‍, ഷാജി മതിലകം, ആല്‍ബിന്‍ ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുതുകാടിനുള്ള ഡിസ്പാക്കിന്റെ ഉപഹാരം സ്വദേശി പ്രമുഖന്‍ മുഹമ്മദ് അല്‍ മെറി സമ്മാനിച്ചു. വിദ്യാഭ്യാസ മേഖലയില്‍ 2015 വര്‍ഷത്തെ ഡിസ്പാക്കിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് നജീം ബഷീര്‍ വേദിയില്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സ്കൂളിലെ നിര്‍ധനരായ 12 വിദ്യാര്‍ഥികളുടെ ഒരു വര്‍ഷത്തെ പഠന ചെലവ് മലബാര്‍ ഗോള്‍ഡ്, മുഹമ്മദ് ദോസരി ഹോസ്പിറ്റല്‍ എന്നിവരുടെ സഹകരണത്തോടെ നല്‍കാന്‍ ഡിസ്പാക്ക് തീരുമാനിച്ചതായി നജീം ബഷീര്‍ പരിപാടിയില്‍ അറിയിച്ചു. ഡിസ്പാക്കിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് ജനറല്‍ സെക്രട്ടറി ഗുണശീലന്‍ വിശദീകരിച്ചു.

ചടങ്ങില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ദേവിക സുരേഷ്, സപ്ത ശ്രീജിത്, ക്ളിന്റ് കലാഭവന്‍ ടീം, സൌമ്യ വിനോദ് എന്നിവരുടെ സംവിധാനത്തില്‍ ഒരുക്കിയ നൃത്തനൃത്യങ്ങള്‍, ശിഹാബ് കൊയിലാണ്ടി, ഷംസുദ്ദീന്‍ കോഴിക്കോട്, കല്ല്യാണി രാജ്കുമാര്‍, ജിന്‍ഷ ഹരിദാസ്, സുജാത ഗുണശീലന്‍, നിവേദിത രാജേഷ്, ലക്ഷ്മി രാജ്കുമാര്‍, അഖില്‍ മുസ്തഫ, സാന്ദ്ര, നിരജ്ഞന്‍ എന്നിവര്‍ വിവിധ ഗാനങ്ങള്‍ അവതരിപ്പിച്ചു. നാട്ടില്‍നിന്നെത്തിയ പ്രമുഖ മിമിക്രി കലാകാരന്‍ കൊല്ലം അന്‍സാര്‍ ഹാസ്യത്തിന്റെ പെരുമഴ ഒരുക്കി അനുകരണ ശൈലിയിലൂടെ സദസിന്റെ മനം കവര്‍ന്നു. സമകാലിക രാഷ്ട്രീയ വിഷയങ്ങളിലൂടെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കന്‍മാരുടെ ശബ്ദം അനുകരിച്ച അന്‍സാര്‍, പ്രമുഖ വാഗ്മി അബ്ദുസമദ് സമദാനിയുടെ മാനവിക സന്ദേശം സമദാനിയുടെ ശബ്ദത്തില്‍ അവതരിപ്പിച്ചപ്പോള്‍ സദസിന്റെ നിറഞ്ഞ കൈയടി ഏറ്റുവാങ്ങി.

ടി.പി. റിയാസ്, രാജേഷ്, മുസ്തഫ അലി, രാജ് കുമാര്‍, താജ്, ഷീഹാബ്, ബിനോജ്, ഷെറീഫ് ഖാന്‍, ഹനീഫ്, മുസ്തഫ പാവയില്‍, അജിത് ഇബ്രാഹിം, മുജീബ് എന്നിവര്‍ പരിപാടിക്കു നേത്യത്വം നല്‍കി. നിബ്രാസ് ശിഹാബ്, നൌഷാദ് തഴവ എന്നിവര്‍ അവതാരകരായിരുന്നു. അഷ്റഫ് ആലുവ സ്വാഗതവും റിയാസ് ഇസ്മായില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം