ഡാളസില്‍ മെഡിക്കല്‍ ക്യാമ്പും രക്തദാനവും സംഘടിപ്പിച്ചു
Friday, June 5, 2015 6:12 AM IST
ഗാര്‍ലന്‍ഡ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ്, ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി മെഡിക്കല്‍ ക്യാമ്പും രക്തദാനവും സംഘടിപ്പിച്ചു.

മേയ് 30 നു (ശനി) രാവിലെ ഒമ്പതു മുതല്‍ ഗാര്‍ലന്‍ഡ് കേരള അസോസിയേഷന്‍ ഓഫ് ഡാളസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ ഡോ. തോമസ് അലക്സാണ്ടര്‍, ഡോ. മറീന വെങ്കാലില്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു മരുന്നുകള്‍ നിര്‍ദ്ദേശിച്ചു നല്‍കി. രക്തപരിശോധന, കൊളസ്ട്രോള്‍ തുടങ്ങിയ പരിശോധനകളും നഴ്സുമാരുടെ സഹകരണത്തോടെ നടന്നു. ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മേഖലകളില്‍നിന്നു നിരവധി പേര്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.

ഡാളസ് കാര്‍ട്ടര്‍ ബ്ളഡ് കെയറുമായി സഹകരിച്ചു നടത്തിയ രക്തദാനത്തില്‍ ഇരുപതിലധികം പേര്‍ രക്തം ദാനം ചെയ്തു.

പ്രതികൂല കാലാവസ്ഥയിലും മെഡിക്കല്‍ ക്യാമ്പ്, രക്തദാനവും വിജയിപ്പിക്കുന്നതിനു സഹകരിച്ച എല്ലാവര്‍ക്കും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു, ഡോക്ടര്‍മാരേയും വോളന്റിയര്‍മാരേയും സ്വാഗതം ചെയ്യുകയും അസോസിയേഷന്‍ നടത്തുന്ന ജനോപകാരമായ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ന്നും ഏവരുടെയും സഹകരണം അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍