അനശ്വരഗാനങ്ങളുമായി ജെറി അമല്‍ദേവും അമേരിക്കയിലെ ഗായകരും
Friday, June 5, 2015 6:11 AM IST
ന്യൂയോര്‍ക്ക്: റോക്ലാന്‍ഡിലെ സെന്റ് മേരീസ് സീറോ മലബാര്‍ പാരീഷ് സംഘടിപ്പിച്ച 'സിംഗ് ന്യൂയോര്‍ക്ക് വിത്ത് ജെറി അമല്‍ദേവ്' പരിപാടി സംഗീതസാന്ദ്രമായി.

ക്ളാര്‍ക്ക് ടൌണ്‍ സൌത്ത് സ്കൂളിലെ ഓഡിറ്റോറിയത്തില്‍ എണ്ണൂറോളം പേരാണു പങ്കെടുത്തത്. ആദ്യന്തം അവര്‍ സംഗീതപ്പെരുമഴയില്‍ ലയിച്ചിരുന്നു എന്നതാണു പരിപാടിയെ വ്യത്യസ്തമാക്കിയത്. താരപ്പൊലിമകള്‍ക്കപ്പുറത്ത് സംഗീതത്തോടുള്ള താത്പര്യം സദസില്‍ നിറഞ്ഞുനിന്നു.

സംഘാടക മികവിനെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാവില്ല. എല്ലാം കൃത്യതയോടെ നടന്നു. സദസിന്റെ സജീവ താത്പര്യമാണ് ഏറെ സന്തോഷം പകര്‍ന്നതെന്നു ജെറി അമല്‍ദേവ് പറഞ്ഞു. നാട്ടില്‍ എല്ലാം ഒരു തല്ലിക്കൂട്ടും ബഹളവുമാണ്. ഇവിടെ അതല്ല കണ്ടത്. ഓര്‍ക്കസ്ട്ര മികച്ചതായിരുന്നു. യേശുദാസ് വരുമ്പോഴൊക്കെ ഉപയോഗിക്കുന്ന ഓര്‍ക്കസ്ട്രയും യേശുദാസിനൊപ്പം പാടുന്ന ഗായകരുമാണ് എന്നതിനാല്‍ ഗുണമേന്മയെപ്പറ്റി ആശങ്കയൊന്നുമില്ലായിരുന്നു. പരിശീലനം കൂടിയായപ്പോള്‍ അവര്‍ മികവു തെളിയിക്കുകയും ചെയ്തു.

അമേരിക്കയില്‍ സാങ്കേതിക സംവിധാനങ്ങള്‍ മികച്ചതുതന്നെ. നാട്ടില്‍ എല്ലാം അറ്റപ്പറ്റെ മാത്രം. എങ്ങനെയും ജനത്തെ പെട്ടെന്നു കൈയിലെടുക്കുക എന്നതാണ് അവിടെ ലക്ഷ്യം. ഹൃദയത്തിലേക്കു കയറിപ്പറ്റണമെന്നൊന്നും താത്പര്യമില്ല. പെട്ടെന്നു ശ്രദ്ധകിട്ടാന്‍ അടിപൊളി ഗാനങ്ങള്‍. അതാണു പുതിയ രീതി എന്നു പറയുന്നതു ശുദ്ധ ഭോഷ്ക് ആണ്. അതു മനസിനെ കുറച്ചുനേരം ആകര്‍ഷിച്ചേക്കാം. അതുകഴിഞ്ഞ് അതങ്ങു തീര്‍ന്നു. എപ്പോഴും ഒരു സങ്കല്‍പ്പ ലോകത്തില്‍ നമുക്ക് ജീവിക്കാനാവില്ലല്ലോ?. അതിനാല്‍ത്തന്നെ ജീവിതഗന്ധിയായ ഗാനങ്ങള്‍ ദുഃഖവും സന്തോഷവും സ്നേഹവും കരുണയുമെല്ലാം ചിത്രീകരിക്കുന്ന ഗാനങ്ങളാണ് നിലനില്‍ക്കുകയും ജനഹൃദയങ്ങളില്‍ ആഴങ്ങളില്‍ പതിക്കുകയും ചെയ്യുക. ജീവിതത്തെ ഒഴിവാക്കുന്ന 'എസ്കേപ്പിസം' ആണ് പലപ്പോഴും തട്ടുതകര്‍പ്പന്‍ ഗാനങ്ങളില്‍ കാണാനാകുക.

ഒരുമാസം നിരന്തരമായ പരിശീലനമാണ് പാട്ടുകാര്‍ക്കും പിന്നണിക്കാര്‍ക്കുമൊക്കെ നല്‍കിയത്. ഇത്തരമൊരു അനുഭവം ആദ്യത്തേതാണെന്നു പലരും പറഞ്ഞു.

പാട്ടുകാരില്‍ കൊച്ചുഗായിക സോഫിയ മണലിനു നല്ല ഭാവിയുണ്ട്. അനിത കൃഷ്ണ മികച്ച നിലവാരം പുലര്‍ത്തി. തഹ്സീന്‍ മുഹമ്മദ് മനോഹരമായി പാടി. സതീഷ് മേനോന്‍ മികവുകാട്ടി. അല്‍പ്പംകൂടി പരിശീലനം നേടിയാല്‍ വലിയ നേട്ടങ്ങളുണ്ടാകും.

മുഖ്യ സംഘാടകനായ പള്ളി വികാരി ഫാ. തദേവൂസ് അരവിന്ദത്ത് ദീര്‍ഘ വീക്ഷണമുള്ള ആളാണെന്നു ജെറി മാസ്റര്‍ ചൂണ്ടിക്കാട്ടി. നമ്മള്‍ നമ്മെത്തന്നെ പരിപോഷിപ്പിക്കണം എന്ന അദ്ദേഹത്തിന്റെ ചിന്താഗതിയാണു നാട്ടില്‍ നിന്നൊരാളെ കൊണ്ടുവന്ന് ഇവിടെയുള്ളവരെ പരിശീലിപ്പിക്കാന്‍ കാരണമായത്. നമ്മുടെ നിലവാരം നാംതന്നെ ഉയര്‍ത്തണം. ഇത്തരം പരിപാടിയുമായി ഇനിയും വരാന്‍ തനിക്ക് ആഗ്രഹമുണ്െടന്നും ജെറി അമല്‍ദേവ് പറഞ്ഞു.

35 വര്‍ഷത്തിനുശേഷം ന്യൂയോര്‍ക്കിലെത്തിയ ജെറി മാസ്റര്‍ പഴയകാല സുഹൃത്തുക്കളെ സന്ദര്‍ശിക്കുകയാണിപ്പോള്‍. ക്വീന്‍സ് കോളജിലെ പഴയ സ്റുഡന്റ്സില്‍ മിക്കവരും വൃദ്ധരായി. ചിലര്‍ വിരമിച്ചു. വീണ്ടും അവരെയൊക്കെ കാണാനായതു സന്തോഷം. ജൂണ്‍ അവസാനം നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹം വിവിധ സ്റേറ്റുകളിലെ സുഹൃത്തുക്കളെ സന്ദര്‍ശിക്കുന്നുണ്ട്.

ഗാനപരിപാടിക്കിടയില്‍ അദ്ദേഹം ഓരോ ഗാനം പിറന്നുവീണ കഥയും പറഞ്ഞതു ശ്രോതാക്കള്‍ക്കു പുതിയ അനുഭവമായി.

ഗീതു വേണുഗോപാല്‍, സതീഷ് മേനോന്‍, സുഷമ പ്രവീണ്‍, സോഫിയ മണലില്‍, അനിത കൃഷ്ണ, തഹ്സീന്‍ മുഹമ്മദ്, അലക്സ് തുടങ്ങിയവരായിരുന്നു ഗായകര്‍. ഇടയ്ക്ക് ജെറി മാസ്റര്‍ ഹിന്ദി ഗസല്‍ പാടി.

അമേരിക്കക്കാരും പിന്നണിയില്‍ അണിനിരന്നു എന്നതാണു പ്രത്യേകത. ലയിച്ചുപോകുന്ന ഇത്തരമൊരു പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നാണ് അവര്‍ പറഞ്ഞതെന്നു ഫാ. തദേവൂസ് പറഞ്ഞു. പരിപാടിയുടെ വിജയത്തില്‍ വളരെ സന്തോഷമുണ്െടന്ന് അദ്ദേഹവും പ്രോഗ്രാം കമ്മിറ്റി ചെയര്‍ ജേക്കബ് ചൂരവടിയും ജനറല്‍ കണ്‍വീനര്‍ സുബിന്‍ മുട്ടത്തും പറഞ്ഞു. പ്രവര്‍ത്തനങ്ങളൊന്നും വൃഥാവിലായില്ല.

ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും അവസരമൊരുക്കുകയാണു തങ്ങള്‍ ചെയ്തതെന്നു ഫാ. തദേവൂസ് പറഞ്ഞു. തന്റെ ഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്നിട്ടുള്ള ജെറി മാസ്റര്‍ക്ക് ഗുരുപൂജകൂടിയായാണു താന്‍ പരിപാടി സംഘടിപ്പിക്കാന്‍ ആഗ്രഹിച്ചത്. അതിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചവരെയും കലാകാരന്മാരെയും നന്ദിപൂര്‍വം ഓര്‍ക്കുന്നു.

ഇതൊരു മഹാസംഭവം തന്നെയായിരുന്നുവെന്നു ഗായകന്‍ തഹ്സീന്‍ പറഞ്ഞു. ഒരു പള്ളി അതു സംഘടിപ്പിച്ചു എന്നതു എടുത്തുപറയേണ്ടതാണ്. അമേരിക്കയില്‍ ലൈവ് ഷോ കാണാറില്ല. റിക്കാര്‍ഡ് ചെയ്തു കൊണ്ടുവന്നിട്ട് കലാകാരന്മാര്‍ സ്റേജില്‍ ചുണ്ടനക്കുകയാണു പതിവ്. ഓര്‍ക്കസ്ട്രയും അങ്ങനെ തന്നെ. അതിനൊരു അപവാദമാണ് ഈ ഷോ. എല്ലാം ചുളുവില്‍ വേണമെന്നാണല്ലോ മലയാളിയുടെ മോഹം. അതുകൊണ്ടായിരിക്കാം ശ്രോതാക്കളില്‍നിന്നു നല്ല പ്രതികരണം ലഭിച്ചത്.

ഉമേഷ് പിള്ള, ലാല്‍ജി, എബി (ഷിക്കാഗോ), ജിം, രമണി ജോര്‍ജ്, ആല്‍വിന്‍, മധുകര്‍ ലാല്‍, സായി ശങ്കര്‍, ഡെന്നി തുടങ്ങിയവരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.

ഷോയ്ക്കുശേഷം നാനാഭാഗത്തുനിന്നും അഭിനന്ദനങ്ങളാണു തങ്ങള്‍ക്കു ലഭിച്ചതെന്നു ജേക്കബ് ചൂരവടി പറഞ്ഞു. മാസങ്ങളിലെ പ്രയത്നം വൃഥാവിലായില്ല. വന്നു സഹകരിച്ച ഏവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.