കുവൈറ്റില്‍ ആര്‍ട്ട് ഗാലറി തുറക്കുന്നു
Friday, June 5, 2015 6:09 AM IST
കുവൈറ്റ്: ഇന്ത്യന്‍ ചിത്രകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'അയാര്‍ട്കൊ' കുവൈറ്റില്‍ സ്ഥിരം ആര്‍ട് ഗാലറി തുറക്കുന്നു.

മുര്‍ഗാബ് റൌണ്ട് എബൌട്ടിനു ചേര്‍ന്നുള്ള ഗള്‍ഫ് റോസ് ഹോട്ടലിന്റെ ആറാമത്തെ നിലയിലാണു ഗാലറി പ്രവര്‍ത്തിക്കുക. പുതിയ ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടനവും ആര്‍ട്ട് എക്സിബിഷനും ജൂണ്‍ നാലിനു (വ്യാഴം) വൈകുന്നേരം ഏഴിനു കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ നിര്‍വഹിക്കുമെന്ന് അയാര്‍ട്കൊ സിഇഒ എം.വി. ജോണ്‍ അറിയിച്ചു.

'മൈന്‍ഡ് ആന്‍ഡ് മൂഡ്സ്' എന്ന ചിത്ര പ്രദര്‍ശനത്തില്‍ ഇന്ത്യയില്‍നിന്നുള്ള ചിത്രകാരന്മാരുടെ നാല്‍പ്പതോളം സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. പുതിയ സംരംഭം ഏറെകാലത്തെ ശ്രമകരമായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും കുവൈറ്റിലെ കലാകാരന്മാരുടെ കലാസൃഷ്ടികള്‍ ലോകത്തിനു മുന്നില്‍ എത്തിക്കുവാനും പരസ്പരം സംവദിക്കാനും ഇത്തരമൊരു സംവിധാനം സഹായിക്കുമെന്ന് സംരംഭത്തിനു എല്ലാ വിധ പിന്തുണയും നല്‍കി പദ്ധതി യാഥാര്‍ഥ്യമാക്കിയ അര്‍മാദ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ഒസാമ അല്‍ റമദാന്‍ അഭിപ്രായപ്പെട്ടു.

നോണ്‍ പ്രോഫിറ്റബിള്‍ സംരംഭമെന്ന നിലയില്‍ വളരെ ചുരുങ്ങിയ ചെലവില്‍ കലാകാരന്മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കും. വില്‍ക്കപ്പെടുന്ന ചിത്രങ്ങളുടെ മുഴുവന്‍ തുകയും കലാകാരനു ലഭ്യമാകുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുക. 2011 മുതല്‍ അയാര്‍ട്കൊയുടെ നേതൃത്വത്തില്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ അഹമ്മദാബാദിലും കോല്‍ക്കത്തയിലും കുവൈറ്റില്‍ പ്രശസ്തമായ റിഹാം ഗാലറിയിലും ഗ്രാന്‍ഡ് അവന്യൂസിലും ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ വിജയമാണ് ഇത്തരമൊരു സംരംഭത്തിലേക്കെത്തിച്ചത്. കൊച്ചി ബിനാലെയുടെ ഭാഗമായി 'സ്പോണ്‍സര്‍ എ ഡേ' പദ്ധതിയിലും അയാര്‍ട്കൊ ഭാഗഭാക്കായിരുന്നു. അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന ചിത്രകാരി കൂടിയായ ചൌള ജോഷിയാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി അയാര്‍ട്കൊ ഇന്ത്യ ഓപ്പറേഷന്റെ ചുമതല. കുവൈറ്റിലെ നിലവിലുള്ള ഗാലറികളില്‍ പ്രദര്‍ശനത്തിനു ഭീമമായ തുക നല്‍കേണ്ടിവരുന്നത് കലാകാരന്മാരെ സംബന്ധിച്ചിടത്തോളം താങ്ങാനാവത്തതാണ്. ഇതിന് ഒരു പരിധി വരെ പുതിയ സംവിധാനം സഹായകമാകുമെന്നു സംഘാടകര്‍ അഭിപ്രായപ്പെട്ടു.

ജൂണ്‍ നാലു മുതല്‍ എട്ടു വരെയുള്ള ആര്‍ട്ട് എക്സിബിഷന്‍ സൌജന്യമാണ് എല്ലാ ആളുകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയും സംഘാടകര്‍ അഭ്യര്‍ഥിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ അയാര്‍ട്കൊ സിഇഒ എം.വി. ജോണ്‍, അര്‍മ്മാദ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ഒസാമ അല്‍ റമദാന്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍