സൌദി അറേബ്യയിലേക്കുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് അവതാളത്തില്‍
Friday, June 5, 2015 5:12 AM IST
റിയാദ്: ഇന്ത്യയും സൌദി അറേബ്യയും മാറിമാറി പ്രഖ്യാപിക്കുന്ന പുതിയ തൊഴില്‍ നിയമങ്ങളും റിക്രൂട്ട്മെന്റ് നിയമ ഭേദഗതികളും കാരണം ഇന്ത്യയില്‍നിന്നു സൌദി അറേബ്യയിലേക്കുള്ള തൊഴില്‍ റിക്രൂട്ട്മെന്റ് പാടേ സ്തംഭിച്ചു. ബുധനാഴ്ച മുതല്‍ ഡല്‍ഹിയിലെ സൌദി എംബസിയും മുംബൈയിലെ സൌദി കോണ്‍സുലേറ്റും തൊഴില്‍ വീസ അപേക്ഷകള്‍ സ്വീകരിക്കുന്നതിനു കര്‍ക്കശമായ നിയമങ്ങള്‍ കൊണ്ടു വന്നതോടെയാണു അംഗീകൃത റിക്രൂട്ട്ന്റ്െ ഏജന്‍സികള്‍ക്കു വീസ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാതെ വന്നിരിക്കുന്നത്. ഒരു അംഗീകൃത റിക്രൂട്ട്മെന്റ് ഏജന്‍സി സമര്‍പ്പിക്കുന്ന സൌദി അറേബ്യയിലേക്കുള്ള വീസ അപേക്ഷകളില്‍ 25 ശതമാനമെങ്കിലും സ്ത്രീ ഗാര്‍ഹിക തൊഴിലാളികളുടേത് ആയിരിക്കണം എന്നാണു സൌദി അധികൃതരുടെ പുതിയ നിബന്ധന. ഇതു പാലിക്കാത്ത ഒരു ഏജന്‍സിയുടെയും വിസ അപേക്ഷകള്‍ സ്വീകരിക്കില്ലെന്നു സൌദി മിഷനുകള്‍ സര്‍ക്കുലര്‍ അയച്ചിരിക്കയാണ്.

അതേസമയം, സ്ത്രീ ഗാര്‍ഹിക തൊഴിലാളികളെ ഇന്ത്യയില്‍നിന്ന് റിക്രൂട്ട് ചെയ്യുന്നതിനു പുതിയ നിബന്ധനകള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നതിനാല്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് എല്ലാ ഏജന്‍സികളും നിര്‍ത്തിവച്ചിരിക്കുകയാണ്. സൌദി അറേബ്യയിലെ കുറഞ്ഞ വേതനവും തുടര്‍ച്ചയായ പീഢന കഥകളും കാരണം ഇന്ത്യയില്‍നിന്നു സ്ത്രീകള്‍ ഇങ്ങോട്ടുവരാന്‍ താത്പര്യം കാണിക്കാത്തതും വലിയ പ്രശ്നമാണെന്ന് ഇന്ത്യന്‍ റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ റിയാദിലെ ഓഫീസുകള്‍ പറഞ്ഞു. നിലവില്‍ മെഗാ റിക്രൂട്ട്മെന്റ് കമ്പനികള്‍ വഴിയും സ്വകാര്യ കമ്പനികള്‍ക്കു ലഭിച്ച വീസകളും ആയിരക്കണക്കിന് ഇന്ത്യയിലുള്ളപ്പോള്‍ ഇങ്ങിനെ ഒരു പുതിയ നിബന്ധന വന്നത് റിക്രൂട്ട്മെന്റിനെ മൊത്തത്തില്‍ ബാധിച്ചിട്ടുണ്ട്. 25 ശതമാനം സ്ത്രീ ഗാര്‍ഹികതൊഴിലാളികളുടെ വീസാ അപേക്ഷ സമര്‍പ്പിക്കുക അസാധ്യമാണെന്നും സൌദി അറേബ്യയിലേക്കുള്ള റിക്രൂട്ട്മെന്റ് നിര്‍ത്തി വയ്ക്കുകയല്ലാതെ മാര്‍ഗമില്ലെന്നും ഇതിലൊരു തീരുമാനമാകുന്നതു വരെ വീസാ അപേക്ഷകള്‍ സമര്‍പ്പിക്കില്ലെന്നാണു റിക്രൂട്ട്മെന്റ് അസോസിയേഷന്റെ തീരുമാനമെന്നും റിയാദിലെ ഇന്ത്യന്‍ റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ കൂട്ടായ്മയായ ഇസ്രയുടെ ജനറല്‍ സെക്രട്ടറി മുജീബ് ഉപ്പട പറഞ്ഞു.

ഗാര്‍ഹികതൊഴിലാളികളുടെ റിക്രൂട്ട്മെന്റ് അടക്കം മുഴുവന്‍ തൊഴില്‍ വീസകളിലും എമിഗ്രേഷന്‍ നിയമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമാക്കിയത് തൊഴില്‍ റിക്രൂട്ട്മെന്റിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. തൊഴിലാളികളെ ഇന്ത്യയില്‍നിന്നു റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യന്‍ ഓവര്‍സീസ് മന്ത്രാലയത്തിനു കീഴിലുള്ള ഈ മൈഗ്രന്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം ഒറിജിനല്‍ തൊഴില്‍ കരാറും മറ്റു രേഖകളുമായി ഇന്ത്യന്‍ എംബസിയില്‍ നിന്നും അറ്റസ്റ് ചെയ്താല്‍ മാത്രമേ എമിഗ്രേഷന്‍ ക്ളിയറന്‍സ് ലഭ്യമാവുകയുള്ളൂ. ഇത് ഏറെ ശ്രമകരവും റിക്രൂട്ട്മെന്റ് ഏറെ ദുര്‍ഘടം പിടിച്ചതാക്കുകയുമല്ലാതെ തൊഴിലാളികള്‍ക്കോ തൊഴില്‍ദായകര്‍ക്കോ യാതൊരു ഉപകാരവും ഇല്ലാത്തതാണെന്നാണു റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ പറയുന്നത്. എമിഗ്രേഷന്‍ നിയമങ്ങള്‍ ലഘൂകരിക്കുകയും ലളിതവും സുതാര്യവുമായ നിയമങ്ങള്‍ കൊണ്ടുവരികയും ചെയ്താല്‍ മാത്രമെ ഗാര്‍ഹിക തൊഴിലാളികളെ അടക്കം റിക്രൂട്ട് ചെയ്യുന്നതു സാധ്യമാവുകയുള്ളൂ എന്നാണു പൊതുവേയുള്ള അഭിപ്രായം.

ഇന്ത്യക്കു പുറത്ത് ഏറ്റവും അധികം ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്ന രാജ്യമാണു സൌദി അറേബ്യ. സൌദി അറേബ്യയിലെ ഏറ്റവും വലിയ വിദേശിസമൂഹവും ഇന്ത്യക്കാര്‍തന്നെ. സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദേശിതൊഴിലാളികളുടെ അനുപാതം നിയന്ത്രിക്കുന്നതിനായി നിതാഖാത്ത് തൊഴില്‍ നിയമങ്ങളടക്കം വന്നെങ്കിലും ഇന്ത്യക്കാരുടെ സൌദി അറേബ്യയിലെ എണ്ണം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഇന്ത്യന്‍ എംബസിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന 25 ലക്ഷത്തില്‍നിന്നും ഇന്ത്യക്കാരുടെ എണ്ണം സൌദി അറേബ്യയില്‍ 30 ലക്ഷത്തിലെത്തി നില്‍ക്കുകയാണ്. നിയമലംഘകരെ ഗണ്യമായ തോതില്‍ കയറ്റി വിട്ടതിനാല്‍ നിയമപരമായി തൊഴിലെടുക്കുന്നവരുടെ തൊഴില്‍സാധ്യതകളും ശമ്പളവും വര്‍ധിച്ചതു സൌദി അറേബ്യയിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ കാരണമായതായാണ് വിദഗ്ദര്‍ പറയുന്നത്. എന്നാല്‍, നിലവിലെ പുതിയ നിയമങ്ങള്‍ എല്ലാ പ്രതീക്ഷകളും തകിടം മറിക്കുമെന്നാണു വിദഗ്ധരുടെ അഭിപ്രായം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍