എബനേസര്‍ മാര്‍ത്തോമ ഇടവകയുടെ വികാരിയായി റവ. സോണി ഫിലിപ്പ് ചാര്‍ജെടുത്തു
Thursday, June 4, 2015 7:10 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട്ചെസ്ററിലുള്ള എബനേസര്‍ ഇടവകയിലേക്ക് പുതുതായി സ്ഥലംമാറി വന്ന റവ. സോണി ഫിലിപ്പ് വികാരിയായി ചാര്‍ജ് എടുത്തു.

മേയ് 10നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മദേഴ്സ് ഡേയോടനുബന്ധിച്ചു നടന്ന ചടങ്ങില്‍, ഇന്ത്യയിലെ ഛത്തീസ്ഗഡ് എബനേസര്‍ മാര്‍ത്തോമ ചര്‍ച്ചില്‍നിന്നു ന്യൂയോര്‍ക്കിലെ എബനേസര്‍ ഇടവകയിലേക്കു വന്ന റവ. സോണി ഫിലിപ്പിനും ഭാര്യ ആശയ്ക്കും ഇടവക ഊഷ്മളമായ വരവേല്‍പ്പു നല്‍കി.

വൈസ് പ്രസിഡന്റ് ജേക്കബ് ഏബ്രഹാം ഇടവകയ്ക്ക് പരിചയപ്പെടുത്തുകയും സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ ബൊക്കെ നല്‍കി ഇടവകയിലേക്കുസ്വാഗതം ചെയ്തു.

റാന്നി സെന്റ് തോമസ് കോളജില്‍നിന്നു ബിരുദം നേടിയ ശേഷം ചെന്നൈയിലെ ഗുരുകുലം സെമിനാരിയില്‍നിന്നു വൈദികബിരുദം സമ്പാദിച്ച അച്ചന്റെ മാതൃ ഇടവക റാന്നി, വാകത്താനം തബോര്‍ മാര്‍ത്തോമ ചര്‍ച്ചാണ്.

2003-ല്‍ വൈദികപട്ടം സ്വീകരിച്ച റവ. സോണി ഫിലിപ്പ് കുന്നംകുളം, കണ്ണൂര്‍, കൊട്ടാരക്കര, നീലേശ്വരം, വാളകം, ഛത്തീസ്ഗഡ് എന്നിവടങ്ങളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മറുപടി പ്രസംഗത്തില്‍ ഇടവകയില്‍നിന്നു ലഭിച്ച സ്നേഹനിര്‍ഭരമായ വരവേല്‍പ്പിനു നന്ദി പറയുകയും ഇടവകയുടെ ആത്മീയവും ഭൌതികവുമായ വളര്‍ച്ചയ്ക്ക് ഇടവകസംഘത്തിന്റേയും ഇടവകജനങ്ങളുടെയും കരുതലും കൈത്താങ്ങലും കൂട്ടായുള്ള പ്രവര്‍ത്തനവും ഉണ്ടാകണമെന്ന് റവ. സോണി ഫിലിപ്പ് അഭ്യര്‍ഥിച്ചു. ആശ സോണി കുറിയന്നൂര്‍ മാര്‍ത്തോമ ചര്‍ച്ച് ഇടവകാംഗമാണ്.

ചടങ്ങില്‍ മദേഴ്സ് ഡേ കൊണ്ടാടുന്ന ഇടവകയിലെ അമ്മമാരെ അനുമോദിക്കുകയും ചൂച്ചെണ്ട് നല്‍കി ആദരിക്കുകയും ചെയ്തു. മീറ്റിംഗിനുശേഷം നടന്ന സ്നേഹവിരുന്നില്‍ എല്ലാ കുടുംബാംഗങ്ങളും പങ്കെടുത്തു.

ഭദ്രാസന മെംബര്‍ സി.എസ്. ചാക്കോ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം