ബോബി ജിന്‍ഡാലിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം ജൂണ്‍ 24ന്
Thursday, June 4, 2015 7:08 AM IST
വാഷിംഗ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വംശജനായ ഒരാള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതിനുളള പ്രാഥമിക മത്സരത്തില്‍ പങ്കെടുക്കുമെന്നുറപ്പായി.

ഇന്ത്യന്‍ വംശജനും ലൂസിയാന ഗവര്‍ണറുമായ ബോബി ജിന്‍ഡാലാണ് 2016ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിനായി രംഗത്തിറങ്ങുന്നത്. ജൂണ്‍ 24നു ന്യു ഓര്‍ലിയന്‍സില്‍ നടക്കുന്ന ചടങ്ങില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നു വിശ്വസനീയമായ കേന്ദ്രങ്ങള്‍ അറിയിച്ചു.

ജൂണ്‍ 11 നു അവസാനിക്കുന്ന ലൂസിയാന ലെജിസ്ളേറ്റീവ് സെഷനുശേഷം പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനാണ് തീരുമാനം. തന്ത്രപ്രധാനമായ സംസ്ഥാനങ്ങള്‍ ബോബി ഇതിനകം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സന്ദര്‍ശിച്ചുകഴിഞ്ഞു.

ധാരാളം അവസരങ്ങളും വ്യക്തി സ്വാതന്ത്യ്രവും ഉളള അമേരിക്കയിലേക്ക് 40 വര്‍ഷം മുമ്പാണ് ഒന്നും പ്രതീക്ഷിക്കാതെ, കൈവശം ഒന്നും കരുതാതെയും എന്റെ മാതാപിതാക്കള്‍ എത്തിയത്. അവര്‍ എടുത്ത തീരുമാനം യുക്തമായിരുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു. തികച്ചും നാടകീയമായ ദിശയില്‍ അമേരിക്കന്‍ ജനത ഒരു പരീക്ഷണത്തിനു മുതിരുമെന്നാണ് എന്റെ വിശ്വാസം- ജിന്‍ഡാള്‍ പറഞ്ഞു.

ലൂസിയാന ഹെല്‍ത്ത് സെക്രട്ടറിയായി പൊതുസേവനം തുടങ്ങിയ ജിന്‍ഡാല്‍ ലൂസിയാന സംസ്ഥാനത്തിന്റെ 55-ാമത് ഗവര്‍ണറായും റിപ്പബ്ളിക്കന്‍ ഗവര്‍ണര്‍മാരുടെ അസോസിയേഷന്‍ വൈസ് ചെയര്‍മാനായും സേവനം അനുഷ്ഠിക്കുന്നു. വമ്പന്മാര്‍ പലരും അണിനിരന്ന റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ജിന്‍ഡാല്‍ സ്ഥാനം പിടിക്കുമെന്ന് ഉറപ്പായി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍