അല്‍ അനൂദ് മസ്ജിദില്‍ സ്ഫോടനം നടത്തിയത് ഖാലിദ് മുഹമ്മദ് അല്‍ ഷമ്മരി
Thursday, June 4, 2015 7:03 AM IST
ദമാം: ഖുദയ്ഹ് സ്ഫോടനവുമായി ബന്ധപ്പെട്ട് 16 പേരുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. പട്ടികയില്‍ ഉള്‍പ്പെട്ട ഒരാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പത്തു ലക്ഷം റിയാലും ഒന്നില്‍ കൂടുതല്‍ പേരെ പിടികൂടുന്നവരെ സഹായിക്കുന്നവര്‍ക്ക് 50 ലക്ഷം റിയാല്‍ വരെയും ഭീകരാക്രമണ പദ്ധതി തകര്‍ക്കുന്നവര്‍ക്ക് 70 ലക്ഷം റിയാല്‍ വരെ പാരിതോഷികം നല്‍കുമെന്നു മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച ദമാമിലെ അല്‍ അനുദിലെ ഹുസൈന്‍ (റ) മസ്ജിദിനു മുന്നില്‍ ചാവേറാക്രമണം നടത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞതായി സൌദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഖാലിദ് ആയിദ് മുഹമ്മദ് അല്‍ വഹബി അല്‍ ഷമ്മരി എന്ന 20 കാരനായ സ്വദേശിയാണ് അല്‍അനുദ് മസ്ജിദില്‍ ജുമഅ പ്രാര്‍ഥനക്കെത്തിയവരെ ലക്ഷ്യമിട്ട് ചാവേറായെത്തി പള്ളിക്കുമുന്നില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ശരീരവശിഷ്ടങ്ങളില്‍നിന്നുള്ള ഡിഎന്‍എ പരിശോധനയിലാണു ചാവേറിനെ തിരിച്ചറിഞ്ഞത്. ആര്‍ഡിഎക്സ് എന്ന സ്ഫോടന വസ്തുവാണു സ്ഫോടനത്തിനായി ഇയാള്‍ ഉപയോഗിച്ചതെന്നും പരിശോധനയില്‍ തെളിഞ്ഞു.

അബ്ദുള്‍ ജലീല്‍ ജുംഅ താഹിര്‍ അല്‍അര്‍ബഷ്, മുഹ്മ്മദ് ജുംഅ താഹിര്‍ അല്‍ അര്‍ബഷ്, ഹാദി സല്‍മാന്‍ ഈസ അല്‍ഹാഷിം, മുഹ്മദ് ഹസന്‍ അല്‍ ഈസ എന്നീ നാലു സ്വദേശികള്‍ ഭീകരാക്രമണത്തില്‍ രാജ്യത്തിനുവേണ്ടി രക്ത സാക്ഷിത്വം വഹിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഇവരെ ധീരതക്കുള്ള പുരസ്കാരം നല്‍കി ആദരിക്കാനും സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിറക്കിയിട്ടുണ്ടന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അയ്യായിരത്തിലേറെ പേരുണ്ടായിരുന്ന പള്ളിക്കകത്തു പ്രവേശിക്കുകയായിരുന്ന ചാവേറിനെ പ്രതിരോധിച്ചായിരുന്നു ഇവര്‍ രക്തസാക്ഷിത്വം വഹിച്ചത്.

അല്‍അനുദ് സ്ഫോടനം ഉള്‍പ്പടെ രാജ്യത്തു നടന്ന വിവിധ ഭീകരാക്രമണവുമായി ബന്ധപ്പട്ട് 16 പേരുടെ പേരുവിവരങ്ങള്‍ കൂടി മന്ത്രാലയം പുറത്തു വിട്ടു. ഇവരെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ 990 എന്ന നമ്പറില്‍ സുരക്ഷാ വിഭാഗത്തെ അറിയിക്കണമെന്ന് സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള