കലയുടെ വര്‍ണപ്രഭയില്‍ 'വസന്തോത്സവം 2015'
Wednesday, June 3, 2015 8:17 AM IST
പെന്‍സില്‍വാനിയ: കലാ മലയാളി അസോസിയേഷന്‍ ഓഫ് ഡലവേര്‍വാലിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട യൂത്ത് ഫെസ്റിവല്‍ 'വസന്തോത്സവം 2015' ഫിലാഡല്‍ഫിയായില്‍ സമാപിച്ചു. പെന്‍സില്‍വാനിയയിലേയും സമീപ സംസ്ഥാനങ്ങളിലെയും നിരവധി കുടുംബങ്ങള്‍ മത്സരദൃശ്യങ്ങള്‍ക്കു സാക്ഷികളായി. തുടര്‍ന്നുനടന്ന സാംസ്കാരിക സമ്മേളനത്തില്‍ സിനിമാതാരം സുചിത്ര മുഖ്യാതിഥിയായിരുന്നു.

മിസ് കേരള ഓഫ് ഡെലവേര്‍ വാലി ആയി തെരഞ്ഞെടുക്കപ്പെട്ട നീതു സജിയെ മുഖ്യാതിഥി വിജയ കിരീടം അണിയിച്ചു. ശ്രുതി ഏബ്രഹാം, ആഷ്ലി മാത്യു എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. നൃത്ത മത്സരങ്ങളില്‍ എമിലിന്‍ തോമസ്, റേച്ചല്‍ തോമസ്, ദിവ്യ ചെറിയാന്‍, ജനിഷ കുര്യന്‍, ശ്രുതി ഏബ്രഹാം, ഏയ്ഞ്ചല ജോബി ചെമ്മാഴം എന്നിവര്‍ വ്യക്തിഗത പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങി.

സംഘനൃത്ത മത്സരത്തില്‍ ജനിഷ കുര്യന്‍, ജെസ്ലിന്‍ തോമസ്, നീതു സജി, പ്രിന്‍സി പ്രസാദ് എന്നിവര്‍ സമ്മാനര്‍ഹരായി. സംഗീത മത്സരത്തില്‍ ജൂണിയര്‍ വിഭാഗത്തില്‍ ഹെല്‍ഡ സുനില്‍, അലീഷ്യ തോമസ്, ദിയ ചെറിയാന്‍ എന്നിവരും സീനിയര്‍ വിഭാഗത്തില്‍ ശില്പ ജോയി, നീതു സജി എന്നിവരും വിജയികളായി. ഏറെ കൌതുകമുണര്‍ത്തിയ കുട്ടികളുടെ ഫാന്‍സി ഡ്രസ് മത്സരത്തില്‍ അഭിനു നായര്‍, സംഗീത തോമസ്, അല്‍ബിന്‍ പ്രസാദ് എന്നിവര്‍ വിജയികളായി.

വസന്തോല്‍സവത്തോടനുബന്ധിച്ചുനടന്ന സോഷ്യല്‍ സെക്യൂരിറ്റി ഇന്‍ഷ്വറന്‍സ് അവയെര്‍നസ് പ്രോഗാമിനു ജോര്‍ജ് മാത്യു സി.പി.എ, ഡോ. ജയിംസ് കുറിച്ചി എന്നിവര്‍ നേതൃത്വം നല്‍കി. വസന്തോത്സവത്തിന് ആശംസയര്‍പ്പിക്കാന്‍ ഫോമായുടെയും കലയുടെയും സ്ഥാപകനേതാക്കള്‍ ഉള്‍പ്പെടെയുള്ള വന്‍ നേതൃനിരതന്നെ എത്തിയിരുന്നു. ഫോമ റീജണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസ്, ദേശീയനേതാക്കളായ അനിയന്‍ ജോര്‍ജ്, ബിനു ജോസഫ് തുടങ്ങിയവര്‍ പ്രോത്സാഹനങ്ങളും നിര്‍ദേശങ്ങളുമായി ആദ്യന്തം സംബന്ധിച്ചു.

കലാ പ്രസിഡന്റ് തോമസ് ഏബ്രഹാം, സെക്രട്ടറി രേഖ ഫിലിപ്പ്, വൈസ് പ്രസിഡന്റ് ഡോ. ജെയിംസ് കുറിച്ചി, വിമന്‍സ് ഫോറം ഭാരവാഹികളായ ആഷ ഫിലിപ്പ്, പ്രഭാ തോമസ് എന്നിവരുടെ കഠിനാധ്വാനമാണ് 'വസന്തോത്സവം 2015' ന്റെ വിജയത്തിനുപിന്നില്‍ എന്നു കൃതജ്ഞതാപ്രകാശനത്തില്‍ സണ്ണി ഏബ്രഹാം പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം