എം.സി. വടകരയ്ക്ക് സൌദി കെഎംസിസി പുരസ്കാരം
Wednesday, June 3, 2015 8:15 AM IST
കോഴിക്കോട്: കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി പുരസ്കാരം പ്രമുഖ എഴുത്തുകാരനും ചിന്തകനും പ്രഭാഷകനുമായ എം.സി. വടകരയ്ക്ക്.

'മുസ്ലിംലീഗ് സ്വതന്ത്ര ഇന്ത്യയില്‍' എന്ന പുസ്തകത്തിനുവേണ്ടിയുള്ള ഗവേഷണത്തിനും രചനയ്ക്കുമാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരമെന്നു സൌദി കെഎംസിസി നാഷണല്‍ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.

സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം ലീഗിന്റെ വിശദമായ ചരിത്രം ഉള്‍കൊള്ളുന്ന പുസ്തകം സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയാണു പുറത്തിറക്കിയത്. സിഎച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം (നാല് പതിപ്പ്), മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ നൂറു വര്‍ഷങ്ങള്‍ (നാല് പതിപ്പ്), സയിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ -കേരള ഗവണ്‍മെന്റ് സാംസ്കാരിക വകുപ്പ് (2 പതിപ്പ്), മുസ്ലിം ലീഗ് നിലപാടുകളുടെ നീതിശാസ്ത്രം-ലേഖന സമാഹരം (2 പതിപ്പ്) എന്നീ ഗ്രന്ഥങ്ങള്‍ എം.സി രചിച്ചിട്ടുണ്ട്.

തീവ്ര ഗവേഷണസ്വഭാവവും സ്വതസിദ്ധമായ ഭാഷയുമാണ് എംസിയുടെ പുസ്തകങ്ങളുടെ പ്രത്യേകത. എസ്ഇയു സ്ഥാപക പ്രസിഡന്റ്, തൂലിക മാസികയുടെ ചീഫ് എഡിറ്റര്‍ തുടങ്ങിയ പദവികളും വഹിച്ചിരുന്നു. ചന്ദ്രിക കോഴിക്കോട് ഗവേണിംഗ് ബോര്‍ഡ് അംഗവും കിന്‍ഫ്ര അപാരല്‍ പാര്‍ക്ക് ചെയര്‍മാനുമാണ്. റമദാന്‍ അവസാനം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക-സാഹിത്യ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

കോഴിക്കോട്ടു ചേര്‍ന്ന കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ പൊന്‍മള, അസീസ് ചേളാരി, കുഞ്ഞാലന്‍കുട്ടി മോങ്ങം പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സ്വാഗതവും എസ്.വി. അര്‍ഷുല്‍ അഹമ്മദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍