ഡാളസില്‍ പല്ലാവൂര്‍ സംഘത്തിന്റെ പഞ്ചവാദ്യം അരങ്ങേറി
Wednesday, June 3, 2015 6:13 AM IST
ഡാളസ്: വാദ്യോപകരണങ്ങളില്‍ വിസ്മയം തീര്‍ത്ത് പല്ലാവൂര്‍ സംഘത്തിന്റെ പഞ്ചവാദ്യം ഡാളസില്‍ അരങ്ങേറി. തിമില, ഇടയ്ക്ക, മദ്ദളം, കൊമ്പ്, ഇലത്താളം തുടങ്ങിയ പ്രവാസി മലയാളികള്‍ക്കു സുപരിചിതമായ പഞ്ചവാദ്യോപകരണങ്ങള്‍ പല്ലാവൂര്‍ ശ്രീധരന്റെ നേതൃത്വത്തിലുളള സംഘം അനായാസം കൈകാര്യം ചെയ്തു.

ഡാളസ് ഫോര്‍ട്ട് മെട്രോപ്ളെക്സിന്റെ വിവിധ സിറ്റികളില്‍നിന്നം ഗാര്‍ലന്‍ഡിലുളള കേരള അസോസിയേഷന്‍ ഓഫീസിനു മുമ്പില്‍ മേയ് 30നു വൈകുന്നേരം ഒത്തു ചേര്‍ന്ന മേള പ്രേമികള്‍ക്കു മറക്കാനാവാത്ത അനുഭൂതി പ്രദാനം ചെയ്തു.

കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, പല്ലാവൂര്‍ ശ്രീകുമാര്‍, പല്ലാവൂര്‍ രാമചന്ദ്രന്‍, പല്ലശന രമേശ്, കോട്ടായി അനൂപ്, തിരുവാലത്തൂര്‍ ശിവന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പഞ്ചവാദ്യ സംഘം ഡാളസ് ഗുരുവായൂരപ്പന്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു നടന്ന പരിപാടികള്‍ പങ്കെടുക്കുന്നതിനാണു കേരളത്തില്‍നിന്ന് എത്തിച്ചേര്‍ന്നത്.

പഞ്ചവാദ്യത്തിനു ഗവേഷണം നടത്തുന്ന കലാമണ്ഡലം വിസിറ്റിംഗ് പ്രഫ. കരിയന്നൂര്‍ നാരായണന്റെ ചെത്തി മന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി എന്ന് തുടങ്ങുന്ന ഗാനവും, പല്ലാവൂര്‍ ശ്രീകുമാറിന്റെ 'ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ' എന്ന ഗാനവും വാദ്യോപകരണവുമായ ഇടയ്ക്കയിലൂടെ അനര്‍ഗളമായി ഒഴുകിയെത്തിയപ്പോള്‍ കലാസ്വാദകരുടെ മനസും അന്തരീക്ഷവും ഒരു പോലെ ഭക്തി സാന്ദ്രമായി.

ആംഗ്യ ചലനങ്ങള്‍കൊണ്ടു ശ്രോതാക്കളെ ആസ്വദിപ്പിച്ച തിരുവാലത്തൂര്‍ ശിവന്‍, തിമിലയില്‍ മാലപ്പടക്കത്തിനു തിരികൊളുത്തിയ അനുഭൂതി പകര്‍ന്നു നല്‍കിയ പല്ലാവൂര്‍ ശ്രീധരന്‍ കൊമ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച പല്ലാവൂര്‍ രാമചന്ദ്രന്‍, ഇലത്താളത്തില്‍ മികവു പുലര്‍ത്തിയ പല്ലാവൂര്‍ രാമചന്ദ്രനും ശനിയാഴ്ച സായം സന്ധ്യ അവിസ്മരണീയമായി. അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു വാദ്യോപകരണ വിദഗ്ധരെ സദസിനു പരിചയപ്പെടുത്തുകയും സെക്രട്ടറി റോയ് കൊടുവത്ത് എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍