സൌദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു
Wednesday, June 3, 2015 6:03 AM IST
റിയാദ്: റിയാദ്-വാദി ദവാസിര്‍ റൂട്ടില്‍ സുലൈയ്യില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സദേശി മരിച്ചു.

മലപ്പുറം മൂന്നിയൂര്‍ ചുഴലിയിലെ കുന്നുമ്മല്‍ കമ്മദ് കുട്ടി ഹാജിയുടെ മകന്‍ ബാബു എന്ന കുന്നുമ്മല്‍ റഫീഖ് (40) ആണു മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അപകടത്തില്‍പ്പെട്ട് മറിയുകയായിരുന്നു. പിക്കപ്പ് ഓടിച്ചിരുന്ന പത്തനാപുരം സ്വദേശി പരിക്കുകളോടെ സുലൈ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വാദി ദവാസിറില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഷോപ്പില്‍ ജോലി ചെയ്യുന്ന റഫീഖ് ശനിയാഴ്ചയാണ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞെത്തിയത്. റഫീഖിനെ കൂട്ടാനായി വാദി ദവാസിറില്‍നിന്നു പിക്കപ്പുമായി വന്നതായിരുന്നു പത്തനാപുരം സ്വദേശി.

വാദി ദവാസിറില്‍നിന്നും 150 കിലോമീറ്റര്‍ അകലെയാണ് അപകടം. മൃതദേഹം സുലൈ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

ഭാര്യ: ഫൌസിയ. മക്കള്‍: മുഹമ്മദ് റോഷന്‍, മുഹമ്മദ് സാബിര്‍, ആയിഷ, റഹിയ. മാതാവ്: റുഖിയ. അന്‍വര്‍, റൌഫ്, മൈമൂന, റസിയ, ഷാഹിന എന്നിവര്‍ സഹോദരങ്ങളാണ്.