മലപ്പുറം സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു
Wednesday, June 3, 2015 5:15 AM IST
റിയാദ്: റിയാദില്‍നിന്നു വാദി ദവാസിറിലേക്കു പോകുന്ന വഴിയിലുണ്ടായ സുലൈയ്യില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സദേശി തത്ക്ഷണം മരിച്ചു. മലപ്പുറം മൂന്നിയൂര്‍ ചുഴലിയിലെ കുന്നുമ്മല്‍ കമ്മദ് കുട്ടി ഹാജിയുടെ മകന്‍ ബാബു എന്ന കുന്നുമ്മല്‍ റഫീഖ് (40) ആണു മരണപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടു മറിയുകയായിരുന്നു. പിക്കപ്പ് ഓടിച്ചിരുന്ന പത്തനാപുരം സ്വദേശി പരിക്കേറ്റു സുലൈ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വാദി ദവാസിറില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഷോപ്പില്‍ ജോലി ചെയ്യുന്ന റഫീഖ് ശനിയാഴ്ചയാണ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞെത്തിയത്. റഫീഖിനെ കൂട്ടാനായി വാദി ദവാസിറില്‍ നിന്നു തന്റെ പിക്കപ്പുമായി വന്നതായിരുന്നു പത്തനാപുരം സ്വദേശി. മറ്റാരും വണ്ടിയിലുണ്ടായിരുന്നില്ല. വാദി ദവാസിറില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചത്. മൃതദേഹം സുലൈ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

ഫൌസിയയാണു റഫീഖിന്റെ ഭാര്യ. മുഹമ്മദ് റോഷന്‍, മുഹമ്മദ് സാബിര്‍, ആയിഷ, റഹിയ എന്നിവര്‍ മക്കളാണ്. മാതാവ് റുഖിയ്യ. അന്‍വര്‍, റഊഫ്, മൈമൂന, റസിയ, ഷാഹിന എന്നിവര്‍ സഹോദരങ്ങളാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍