ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ ആദ്യകുര്‍ബാന സ്വീകരണം ഭക്തിനിര്‍ഭരമായി
Wednesday, June 3, 2015 5:14 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ നടന്ന ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും ഭക്തിനിര്‍ഭരമായി.

പരിശുദ്ധ ത്രിത്വത്തിന്റെ തിരുന്നാള്‍ ദിവസമായ മേയ് 31നു നടന്ന 19 കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും, മൂന്നു കുട്ടികളുടെ സ്ഥൈര്യലേപനവും വിശ്വാസികളുടെ നിറസാന്നിധ്യത്തില്‍ നടന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. . കോട്ടയം അതിരൂപത വികാരി ജനറാള്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജോസഫ് കല്ലടാന്തിയില്‍, പടമുഖം ഫൊറോന വികാരി ഫാ. സാബു മാലിതുരുത്തേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ബഹുമാനപ്പെട്ട കല്ലടാന്തിയില്‍ അച്ചന്‍ ഇംഗ്ളീഷിലും, മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട് മലയാളത്തിലും, ആദ്യകുര്‍ബാനയുടെ സന്ദേശം നല്‍കി. നിത്യ കിരീടത്തിന് അവകാശികള്‍ എന്ന നിലയില്‍ കിരീടധാരണവും തങ്ങളുടെ ജീവിതത്തിന്റെ വഴിവിളക്കായ യേശുക്രിസ്തുവിനെ സൂചിപ്പിക്കുന്നതിനായി കുട്ടികള്‍ക്ക് അലങ്കരിച്ച മെഴുകുതിരികളും പരിശുദ്ധ കന്യകാമറിയത്തിനോടുള്ള ബഹുമാനത്തിന്റെയും ആദരവിന്റെയും സൂചകമായി ജപമാലയും ഉത്തരീയവും നല്‍കി. തുടര്‍ന്നു കുട്ടികള്‍ മാതാവിന്റെ വണക്കമാസത്തിന്റെ അവസാനദിവസവും, പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദര്‍ശന തിരുന്നാളിനോടനുബന്ദിച്ചും ഗ്വാഡലൂപ്പെമാതാവിനു റോസാപുഷ്പങ്ങള്‍ അര്‍പ്പിച്ച് മാധ്യസ്ഥം അപേക്ഷിച്ചു.

ഫാ. എബ്രാഹം മുത്തോലത്ത്, ഡിആര്‍ഇ സാബു മുത്തോലം, അസി. ഡിആര്‍ഇമാരായ റ്റീനാ നെടുവാമ്പുഴ, മെര്‍ലിന്‍ പുള്ളോര്‍കുന്നേല്‍ എന്നിവരുടെ നേത്രുത്വത്തില്‍, മതബോധന അധ്യാപകരായ ആന്‍സി ചേലക്കല്‍, മഞ്ജു ചകരിയാന്തടത്തില്‍, എലൈന്‍ ഒറ്റത്തൈക്കല്‍, മിഷേല്‍ പുള്ളോര്‍കുന്നേല്‍, ഷോണ്‍ പുളിമലയില്‍ എന്നിവരാണു കൂദാശാ സ്വീകരണങ്ങള്‍ക്കുള്ള കുട്ടികളെ പരിശീലിപ്പിച്ചത്. ഇടവകയുടെ മുഴുവന്‍ ആഘോഷമായ ഈ ആദ്യകുര്‍ബാന സ്വീകരണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും, കുട്ടികളുടെ മാതാപിതാക്കള്‍ വിഭവസമ്രധമായ സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ക്നാനായ വോയ്സ് ഈ തിരുക്കര്‍മങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി