നെടുമ്പാശേരിയില്‍നിന്നു മലപ്പുറത്തേക്കു ലോ ഫ്ളോര്‍ ബസ് അനുവദിക്കണം: കെഎംസിസി
Tuesday, June 2, 2015 8:12 AM IST
റിയാദ്: കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ അറ്റകുറ്റപ്പണികള്‍ മൂലം ബുദ്ധിമുട്ടുന്ന മലബാറില്‍നിന്നുള്ള വിമാനയാത്രക്കാര്‍ക്ക് ആശ്വാസമായി നെടുമ്പാശേരിയില്‍ വന്നിറങ്ങുന്നവര്‍ക്കു മലപ്പുറത്തേക്കു ലോ ഫ്ളോര്‍ ബസ് സൌകര്യമേര്‍പ്പെടുത്തണമെന്നു റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ആവശ്യപ്പെട്ടു.

മലബാറിലേക്കു ഗള്‍ഫില്‍നിന്ന്, പ്രത്യേകിച്ച് സൌദി അറേബ്യയില്‍നിന്നുള്ള യാത്രാക്കാര്‍ ഇപ്പോള്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിനെയാണു പ്രധാനമായും ആശ്രയിക്കുന്നത്. കൊച്ചിയിലിറങ്ങുന്ന കുടുംബങ്ങളടക്കമുള്ള യാത്രക്കാര്‍ക്കു മലബാറിലേക്കു വരുന്നത് വലിയ ദുരിതമായി മാറുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അടിയന്തരമായി അധികൃതര്‍ ഇടപെടണമെന്നും ബസ് സൌകര്യം ഏര്‍പ്പെടുത്തണമെന്നുമാണു കെഎംസിസിയുടെ ആവശ്യം. കെഎംസിസി ഈ ആവശ്യങ്ങളടങ്ങുന്ന നിവേദനം നഗരവികസന മന്ത്രി മഞ്ഞളാംകുഴിക്കു സമര്‍പ്പിച്ചു.

മലപ്പുറം ജില്ലാ കെഎംസിസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 25നു (വ്യാഴം) ബത്ഹയിലെ സഫാമക്കാ ഓഡിറ്റോറിയത്തില്‍ തസ്കിയത്ത് ക്യാമ്പ് നടത്താനും തീരുമാനിച്ചു. തറാവീഹ് നമസ്കാരാനന്തരം ആരംഭിക്കുന്ന ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ മതപണ്ഡിതന്‍മാര്‍ ക്ളാസെടുക്കും. ജൂലൈ മൂന്നിനു (വെള്ളി) അസീസിയ അല്‍ മുഖല്ല ഇസ്തിരാഹയില്‍ ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരേയും പങ്കെടുപ്പിച്ചുകൊണ്ട് ഇഫ്ത്താര്‍ മീറ്റ് സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

എല്ലാ വര്‍ഷവും മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ഫിത്വര്‍ സഖാത്ത് സംഭരണവും വിതരണവും ഈ വര്‍ഷവും വിപുലമായ രീതിയില്‍ നടത്താന്‍ തീരുമാനിച്ചു. അഷ്റഫ് കല്‍പ്പകഞ്ചേരി അധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡന്റ് അബ്ദുസമദ് കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. യൂനുസ് സലിം താഴെക്കോട്, എ.സി. ഷാഫി പുറത്തൂര്‍, അഡ്വ. അനീര്‍ പെരിഞ്ചീരി, ഹമീദ് വെട്ടത്തൂര്‍, അസീസ് വെങ്കിട്ട, മുജീബ് ഇരുമ്പുഴി, സാജിദ് മൂന്നിയൂര്‍, ഇഖ്ബാല്‍ കാവനൂര്‍, ഷൌക്കത്ത് കടമ്പോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും മൊയ്തീന്‍ കുട്ടി തെന്നല നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍