സൂര്യയുടെ നാടകം 'ദീര്‍ഘചതുര' വിസ്മയമായി
Tuesday, June 2, 2015 7:02 AM IST
അബുദാബി: സൂര്യ കുവൈറ്റ് ചാപ്റ്ററും യുഎഇ എക്സ്ചേഞ്ചും സംയുക്തമായി സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ നടത്തിയ സൂര്യ ഇന്ത്യ ഫെസ്റിവല്‍ ഏവര്‍ക്കും പുതിയൊരനുഭവമായി.

ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ നിലവിളക്കു തെളിച്ചു ഫെസ്റിവല്‍ ഉദ്ഘാടനം ചെയ്തു. യുഎഇ എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ രഞ്ജിത് പിള്ള പ്രസിഡന്റ് വിജയ്ക്കുറയില്‍ ജനറല്‍ സെക്രട്ടറി സി.എസ്. പിള്ള എന്നിവര്‍ സന്നിഹിതരായിരുന്നു. ഇന്ത്യയുടെ കലാ, സാംസ്കാരികത മറുനാടുകളില്‍ പ്രോത്സാഹിപ്പിക്കുന്ന സൂര്യ കുവൈറ്റ് ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങളെ ശ്രീവാസ്തവ അഭിനന്ദിച്ചു. ജനറല്‍ സെക്രട്ടറി ചടങ്ങിനു സ്വാഗതം ആശംസിച്ചു.

തുടര്‍ന്നു നടന്ന 'ദീര്‍ഘചതുരംഗം' എന്ന നാടകം കുവൈറ്റിലെ കലാപ്രേമികളെ വളരെയധികം ആകര്‍ഷിച്ചു. ഒരു പിന്നണിഗായകന്റെ വളര്‍ച്ചയും താഴ്ചയും ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ക്കൂടി അവതരിപ്പിക്കുന്നതാണു പ്രമേയം. നാടക രംഗത്ത് പരിചയസമ്പത്തുള്ള ദേവന്‍ നെല്ലിമൂട് (പിന്നണി ഗായകന്‍), മഹാലക്ഷ്മി (റിയാലിറ്റി ഷോ അവതാരക) എന്നിവരാണു സൂര്യ കൃഷ്ണമൂര്‍ത്തി രചനയും സംവിധാനവും ചെയ്ത ദീര്‍ഘചതുരത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

നാടകാവസാനം കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും സമ്മാനം നല്‍കി ആദരിച്ചു. ഇന്ത്യന്‍ കലാ, സാംസ്കാരികതയ്ക്കു സൂര്യ കൃഷ്ണമൂര്‍ത്തി നല്‍കിയ സംഭാവനയ്ക്കുള്ള ഉപഹാരം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍