നായനാര്‍ അനുസ്മരണം സംഘടിപ്പിച്ചു
Tuesday, June 2, 2015 6:59 AM IST
ദമാം: നവോദയ സാംസ്കാരികവേദി പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നായനാര്‍ അനുസ്മരണം സംഘടിപ്പിച്ചു. കേരളത്തിലെ കമ്യൂണിസ്റ് നേതാവും മുന്‍മുഖ്യമന്ത്രിയും മികവുറ്റ വാഗ്മിയും ഗ്രന്ഥകാരനും പത്രപ്രവര്‍ത്തകനും കൂടിയായിരുന്നു ഇ.കെ. നായനാര്‍.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി, പതിനൊന്നുവര്‍ഷക്കാലം പ്രതിപക്ഷനേതാവ്, ലോകസഭാംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീര്‍ഘകാലം കമ്യൂണിസ്റു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. പിന്നീട് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാവുകയും ചെയ്തു. നര്‍മബോധവും എല്ലാം വെട്ടിത്തുറന്നുപറയുന്ന പ്രകൃതവും നായനാരെ ജനപ്രിയ നേതാവാക്കി മാറ്റി.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായി സജീവരാഷ്ട്രീയത്തില്‍ വന്ന നായനാര്‍ പാര്‍ട്ടിയുടെ കല്യാശേരി ഘടകത്തിന്റെ സെക്രട്ടറിയായി. പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ട്ടിയിലും കമ്യൂണിസ്റ് പാര്‍ട്ടിയിലും ചേര്‍ന്നു പ്രവര്‍ത്തിച്ചു. കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലും നായനാര്‍ ഏര്‍പ്പെട്ടിരുന്നു.

1940ല്‍ കണ്ണൂരിലെ ആറോണ്‍ മില്ലിലെ സമരത്തിനു നേതൃത്വം കൊടുത്തതിലൂടെ അവിടുത്തെ തൊഴിലാളിയൂണിയന്‍ സെക്രട്ടറിയായിരുന്ന നായനാരുടെ നേതൃപാടവം പ്രകടമായി. ഈ സമരത്തിലാണ് ഇദ്ദേഹം ആദ്യമായി അറസ്റ് ചെയ്യപ്പെട്ടതും ജയില്‍ശിക്ഷ അനുഭവിച്ചതും. ആറുമാസത്തേക്കായിരുന്നു തടവുശിക്ഷ. മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്നപ്പോള്‍ കര്‍ഷകപ്രസ്ഥാനം സംഘടിപ്പിക്കുന്നതിലും കമ്യൂണിസ്റു പാര്‍ട്ടിക്ക് ശക്തമായ അടിത്തറ ഉണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലും ഉത്സുകനായിരുന്നു. തുടര്‍ന്നിദ്ദേഹം ചരിത്രപ്രസിദ്ധമായ കയ്യൂര്‍ സമരത്തില്‍ പങ്കാളിയായി. 1941ലെ കയ്യൂര്‍ സമരക്കേസില്‍ മൂന്നാംപ്രതി ആയതോടെ നായനാര്‍ക്ക്, ദീര്‍ഘകാലം ഒളിവില്‍ കഴിയേണ്ടിവന്നു. ഈ കേസിലെ മറ്റു പ്രതികളെ തൂക്കിക്കൊല്ലുകയായിരുന്നു. 1948ല്‍ കമ്യൂണിസ്റുപാര്‍ട്ടി നിരോധിതമായതിനെത്തുടര്‍ന്ന് വീണ്ടും ഒളിവുജീവിതം നയിക്കേണ്ടിവന്നു.

ജനങ്ങളുടെ വികാരങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ അസാമാന്യശേഷിയായിരുന്നു നായനായര്‍ക്ക് ഉണ്ടായിരുന്നത്. ദുഃഖങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം കരയാനും സന്തോഷങ്ങളില്‍ ആഹ്ളാദം പങ്കിടാനും നായനാര്‍ എവിടെയും എത്തിച്ചേരുമായിരുന്നു. ഹൃദയത്തിന്റെ ഭാഷയിലുള്ള ഈ ഇടപെടല്‍ ജനങ്ങളെ ഏറെ ആകര്‍ഷിക്കുന്നതായിരുന്നു. ഇന്ത്യയില്‍ ആദ്യമായി കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ കൊണ്ടുവന്നത് നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. വികസനത്തിന്റെ നിരവധി നാഴികക്കല്ലുകള്‍ ഈ കാലഘട്ടങ്ങളിലുണ്ടായി. മാവേലി സ്റോറുകള്‍, സമ്പൂര്‍ണസാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ കേരളം കണ്ട നിരവധി പരിഷ്കാരങ്ങളുടെ അമരക്കാരനായിരുന്നു നായനാര്‍ എന്ന് അനുസ്മരണ പ്രഭാഷണത്തില്‍ പ്രദീപ് കൊട്ടിയം ഓര്‍മിപ്പിച്ചു.

തുടര്‍ന്നു വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ 'കേരള രാഷ്ട്രീയം ഇന്ന്' എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. നവോദയ ജനറല്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് സ്വാഗതം പറഞ്ഞ യോഗത്തില്‍ പവന്‍ മൂലക്കല്‍ അധ്യക്ഷത വഹിച്ചു. വി.എസ്. സുനില്‍കുമാര്‍ എംഎല്‍എക്കുള്ള നവോദയയുടെ ഉപഹാരം നവോദയ മുഖ്യരക്ഷാധികാരി ആസാദ് തിരൂര്‍ കൈമാറി. രക്ഷാധികാരി പ്രദീപ് കൊട്ടിയം നായനാര്‍ അനുസ്മരണം നടത്തി. തുടര്‍ന്നു സുനില്‍കുമാര്‍ 'കേരള രാഷ്ട്രീയം ഇന്ന്' എന്ന വിഷയത്തില്‍ സംസാരിച്ചു. നവോദയ രക്ഷാധികാരി ഇ.എം.കബീര്‍, നവയുഗം പ്രസിഡന്റ് ഉണ്ണി പൂച്ചെടിയില്‍, നവയുഗം രക്ഷാധികാരി അജിത്, തമിഴ് സംഘം പ്രധിനിതി സുരേഷ് ഭാരതി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. നവോദയ കേന്ദ്ര, ഏരിയ, മേഖല നേതാക്കളും യുണിറ്റ് അംഗങ്ങളും കൂടാതെ കുടുംബവേദി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങിനു നവോദയ കേന്ദ്ര ട്രഷറര്‍ സുധീഷ് തൃപ്രയാര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം