സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നു
Tuesday, June 2, 2015 6:54 AM IST
കുവൈറ്റ്: രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉടന്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ ആഭ്യന്തര മന്ത്രാലയം മുനിസിപ്പാലിറ്റിക്കു നിര്‍ദേശം നല്‍കി.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആധുനിക കാമറകളായിരിക്കും ഘടിപ്പിക്കുക. കാമറകള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടത്തുെന്നതിനു സാങ്കേതിക വിദഗ്ധരെ ആഭ്യന്തര മന്ത്രാലയം നിയോഗിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷണത്തില്‍ വരുന്ന രൂപത്തിലായിരിക്കും കാമറകള്‍ സ്ഥാപിക്കുക. നിലവില്‍ കാമറകള്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അവയുടെ പ്രവര്‍ത്തനം സാങ്കേതിക വിദഗ്ധര്‍ പരിശോധിക്കും. ആവശ്യമാണെന്ന് കണ്ടത്തിെയാല്‍ മാത്രം പഴയ കാമറകള്‍ നീക്കംചെയ്തു പുതിയവ സ്ഥാപിക്കും.

രാജ്യത്ത് സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റു പൊതുസ്ഥാപനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും കാമറകള്‍ സ്ഥാപിക്കണമെന്ന മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു കാമറകള്‍ എത്രയും പെട്ടെന്നു സ്ഥാപിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയത്. നിലവില്‍ മേഖല നേരിട്ടുകൊണ്ടിരിക്കുന്ന തീവ്രവാദമുള്‍പ്പെടെയുള്ള ഭീഷണികളെ നേരിടുന്നതിന് എല്ലാ മുന്‍കരുതലുകളുമെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദുല്‍ ഫഹദ് പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍