കുവൈറ്റില്‍ ഉച്ചവിശ്രമം നിലവില്‍ വന്നു
Tuesday, June 2, 2015 6:53 AM IST
കുവൈറ്റ്: ചൂടു കനത്തതോടെ മധ്യാഹ്ന പുറം ജോലിക്കാര്‍ക്കുള്ള ഉച്ചവിശ്രമം നിലവില്‍ വന്നു. ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ് 31 വരെ മൂന്നു മാസത്തേക്കാണു പുറത്തുള്ള ഉച്ചജോലിക്കു വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെ സൂര്യതാപം ഏല്‍ക്കുന്ന തരത്തില്‍ തുറന്ന സ്ഥലങ്ങളില്‍ ജോലിചെയ്യുന്നതിനാണു വിലക്ക്. കുവൈറ്റ് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ താപനില വര്‍ധിച്ച സാഹചര്യത്തിലാണ് ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയതെന്നു മന്ത്രാലയം അറിയിച്ചു.

കൊടും വെയിലില്‍ ജോലി ചെയ്യുന്നത് തൊഴിലാളികള്‍ക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങള്‍ക്ക് കാരണമാകാതിരിക്കാനാണു വിലക്ക് ഏര്‍പ്പെടുത്തിയത്. തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. നിയമലംഘനം കണ്െടത്തിയാല്‍ ആദ്യം മുന്നറിയിപ്പും തെറ്റ് ആവര്‍ത്തിച്ചാല്‍ തൊഴിലുടമയില്‍ നിന്നു പിഴ ഈടാക്കും. ഒരു തൊഴിലാളിക്ക് 100 മുതല്‍ 200 ദിനാര്‍ വരെ എന്ന നിരക്കിലായിരിക്കും പിഴ ഈടാക്കുക. നിയമലംഘകര്‍ക്കെതിരേ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നു മാനവശേഷി മന്ത്രാലയം വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍